കണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായ അഫ്രക്കും സഹോദരന് മുഹമ്മദിനും സഹായപ്രവാഹം. 18 കോടി രൂപയാണ് മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായിട്ടുള്ളത്. സോഷ്യല്‍മീഡിയയിലടക്കം വാര്‍ത്ത വന്നതോടെ വിവിധ മേഖലകളില്‍ നിന്നായി ഒട്ടനവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. ഇതുവരെ 14 കോടി രൂപ സഹായം ലഭിച്ചെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇനി 4 കോടി രൂപയാണ് ആവശ്യം.
കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന് പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗമാണ്. ഇതിന്റെ ചികിത്സിക്കായി സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്കിയാല് രോഗം ഭേദമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കില്‍ 18 കോടി രൂപ ചെലവ് വരും. എന്നാല്‍ ഇത്രയും വലിയ തുക താങ്ങാനുള്ള സാമ്പത്തികാവസ്ഥ ഈ കുടുംബത്തിനില്ല.
റഫീഖിന്റെ മൂത്ത മകള്‍ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. പതിനാല് കൊല്ലമായി വീല്ചെയറിയിലാണ് അഫ്രയുടെ ജീവിതം. എന്നാല്‍ തന്റെ ദുരിതം അനിയനുമുണ്ടാകരുതെന്ന് മാത്രമാണ് അഫ്രയുടെ മനസില്‍. അഫ്രയുടെ വാക്കുകളിലൂടെ മുഹമ്മദിന്റെ ചികിത്സാവിവരം ലോകമറിഞ്ഞതോടെ സഹായപ്രവാഹം തുടങ്ങുകയായിരുന്നു. ഓരോരുത്തരും ചെറുതെങ്കിലും ഒരു തുക നല്കിയാല് മുഹമ്മദിനെ ജീവിതത്തിലേക്ക് കൊണ്ടുവരാം.
Discussion about this post