പാലക്കാട്: കൊല്ലം എംഎല്‍എ മുകേഷിനെ ഫോണില്‍ വിളിച്ചത് ഒറ്റപ്പാലം മീറ്റ്ന സ്വദേശി വിഷ്ണുവെന്ന പത്താം ക്ലാസുകാരന്. ബാലസംഘം പ്രവര്‍ത്തകനാണ് വിഷ്ണു. കുട്ടിയുടെ കുടുംബം സിപിഐഎം അനുഭാവികളുമാണ്. സുഹൃത്തുക്കളുടെ പഠനസൗകര്യത്തിനായാണ് മുകേഷിനെ വിളിച്ചതെന്ന് വിഷ്ണു പറഞ്ഞു. സിനിമ നടന് കൂടിയായതിനാല്‍ സഹായിക്കുമെന്ന് കരുതി. താന്‍ ആറുതവണ വിളിച്ചതുകൊണ്ടായിരിക്കും എംഎല്‍എയ്ക്ക് ദേഷ്യം വന്നതെന്നും വിഷ്ണു പറഞ്ഞു.
മുകേഷ് വഴക്ക് പറഞ്ഞതില്‍ വിഷമമില്ല. പരാതി നല്‍കേണ്ടയെന്നും പ്രശ്നങ്ങള്‍ അവസാനിച്ചെന്നും സമരമൊക്കെ നിര്‍ത്തണമെന്നും വിഷ്ണു പറഞ്ഞു. ഫോണ്‍ റെക്കോഡ് ചെയ്തത് താന്‍ തന്നെയാണ്. സിനിമാ നടന് കൂടിയായതിനാല്‍ തനിക്ക് സംസാരിച്ചത് ഓര്ത്തിരിക്കാമല്ലോയെന്ന് കരുതിയാണ് അത് ചെയ്തതെന്നും വിഷ്ണു വ്യക്തമാക്കി.
പ്രശ്നം പരിഹരിച്ചതായി സ്ഥലത്തെത്തിയ ഒറ്റപ്പാലം മുന്‍ എംഎല്‍എ എം.ഹംസ പറഞ്ഞു. വിഷ്ണുവിന്റെ കൂട്ടുകാരന് സിപിഐഎം ഫോണ്‍ നല്‍കാനും തീരുമാനിച്ചു. കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ വിവാദം അവസാനിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. വിഷ്ണു മുകേഷിനെ വിളിച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് അച്ഛന് മാദ്ധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടി കുടുംബത്തില്‍ നിന്നു തന്നെയാണ് ഫോണ്‍ വിളി മുകേഷിന് എത്തിയത് എന്നറിഞ്ഞതോടെ പ്രാദേശിക നേതൃത്വം ഇടപെട്ട് വിഷയം അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post