കണ്ണൂര്‍: പോളിംഗിന് പിന്നാലെ കണ്ണൂര്‍ കടവത്തൂരില്‍ സിപിഎം – മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ മുസ്ലീം ലീഗ് പ്രവര്ത്തകന് മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ലീഗ് ആരോപിച്ചു. മന്‍സൂറിന്റെ കൊലയില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തിലാണ് മന്‍സൂറിന് വെട്ടേറ്റത്. ഇയാളുടെ സഹോദരന് മുഹ്സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുള്ള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തിരുന്നു. 149ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വോട്ടെടുപ്പ് കഴിഞ്ഞതോടെ സംഘര്‍ഷം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി വീണ്ടും സംഘര്‍മുണ്ടായി. രാത്രിയോടെ ഒളിച്ചിരുന്ന ഒരു സംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ബോംബ് എറിയുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
Discussion about this post