കൊച്ചി: സന്ദീപ് നായരുടെ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. കേസ് പരിഗണിക്കുന്ന 26നകം റിപ്പോര്‍ട്ട് നല്‍കാനാണ് ഇ.ഡിയുടെ തീരുമാനം. അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള നീക്കമാണെന്നും എല്ലാ വശവും പരിശോധിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് നല്‍കുമെന്നും ഇ.ഡി വ്യക്തമാക്കി. സന്ദീപിന്റെ കത്തില്‍ കോടതി ഇ.ഡിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചെന്നായിരുന്നു സന്ദീപ് നായരുടെ കത്തില്‍ ആരോപിച്ചത്.
മന്ത്രിമാരുടെ പേരും പറയാന്‍ നിര്‍ബന്ധിച്ചു. ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും നിര്‍ബന്ധിച്ചു. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം നേടാന്‍ സഹായിക്കാമെന്ന് പറഞ്ഞു. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലിലാകുമെന്ന് ഭീഷണിപ്പെടുത്തി. ഇഡി ഉദ്യോഗസ്ഥന് രാധാകൃഷ്ണനാണ് നിര്‍ബന്ധം ചെലുത്തിയത്. ജീവന് ഇഡി ഉദ്യോഗസ്ഥരില്‍ നിന്നും ഭീഷണിയുണ്ടെന്നും കത്തില്‍ ആരോപിച്ചിരുന്നു.
Discussion about this post