തിരുവനന്തപുരം: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്മെന്റ് ആന്‍ഡ് ട്രെയിനിങിന്റെ ഭാഗമായി സ്കൂള്‍ ലീഡര്‍ഷിപ്പ് അക്കാദമി-കേരള 2020-21 അക്കാദമിക വര്‍ഷത്തെ സ്കൂള്‍ നേതൃത്വ മാതൃക പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. എല്‍.പി/യു.പി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകള്‍ അക്കാദമിക-ഭരണ മേഖലകളില്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനങ്ങളുടെയും കൈവരിച്ച മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും പുരസ്കാരങ്ങള്‍ നിര്‍ണയിക്കുക.
പൊതു വിദ്യാലയങ്ങള്‍ കോവിഡ്കാല പ്രതിസന്ധികളെ മറികടക്കാന്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും വേര്‍തിരിച്ചെടുത്ത നൂതന മാതൃകകള്‍ക്കും പ്രത്യേക പരിഗണന നല്‍കും. മികച്ച മാതൃകകള്‍ ഡോക്യുമെന്റ് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്റെ (എന്‍.ഐ.ഇ.പി.എ) ഭാഗമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ സ്കൂള്‍ ലീഡര്‍ഷിപ്പിന്റെ (എന്‍.സി.എസ്.എല്‍) സഹായത്തോടെ ദേശീയ-അന്തര്‍ദേശീയ ശ്രദ്ധയില്‍ കൊണ്ടു വരും.
വിജ്ഞാപനത്തിന്റെ പൂര്‍ണരൂപവും അപേക്ഷ തയാറാക്കാനുള്ള മാതൃകയും www.siemat.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഡയറക്ടര്‍, സീമാറ്റ്-കേരള, എം.ജി. റോഡ്, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം-695036 എന്ന വിലാസത്തില്‍ മാര്‍ച്ച് 15 വരെ നല്‍കാം.
Discussion about this post