ഇസ്ലാമബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വളർച്ചയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ. ഇന്ത്യയെപ്പോലെ തന്നെ ക്രിക്കറ്റിലെ അടിസ്ഥാന വികസനത്തിനും പ്രാധാന്യം നൽകിയാൽ പാക്കിസ്ഥാനും വളരാൻ കഴിയുമെന്നാണ് ഇമ്രാൻ ഖാൻ ഒരു സ്വകാര്യപരിപാടിയിൽ പറഞ്ഞത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കൂടിയായ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണ നേതൃത്വത്തിലുമുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ ലോകത്തിന് മുന്നിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പക്ഷേ പാകിസ്ഥാന് ഇന്ത്യയേക്കാൾ മികവുണ്ട്. നമുക്ക് കൂടുതൽ കഴിവുണ്ട്, എന്നാൽ ഘടനയിലെ മാറ്റമാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയിരിക്കുന്നത്. അതിനു സമയമെടുക്കുമായിരിക്കും. പാക്കിസ്ഥാൻ ടീം അങ്ങനെയാകുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട് ഇമ്രാൻ ഖാൻ പറഞ്ഞു. പാക്കിസ്ഥാന്റെ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ സാധിക്കാറില്ലെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥയിൽ വിശ്വാസമുണ്ട്. കാര്യങ്ങൾ താമസിയാതെ മാറുമെന്നും ഇമ്രാൻ പ്രതികരിച്ചു. 2018ൽ പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ഘടനയിൽ പാക്ക് ബോർഡ് വലിയ പരിഷ്കാരമാണ് നടപ്പാക്കിയത്. 16 പ്രാദേശിക ടീമുകളുണ്ടായിരുന്ന ആഭ്യന്തര ലീഗ് ബോർഡ് വെട്ടിച്ചുരുക്കി. എട്ട് പ്രവിശ്യാ ടീമുകൾ മാത്രം മതിയെന്ന തീരുമാനമാനത്തിലെത്തി. ആഭ്യന്തരതലത്തിൽ ക്രിക്കറ്റ് കൂടുതൽ വാശിയേറിയതാക്കാനാണു തീരുമാനമെന്നായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ വിശദീകരണം.
Discussion about this post