കോഴിക്കോട്: എസ്. ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
മീശ നോവലിനെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്തത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രന് പറഞ്ഞു. പിണറായി സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി വിജയന് ആവര്‍ത്തിച്ച് ചെയ്യുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
വര്‍ഗീയ പരാമര്‍ശമുള്ള നോവലാണ് മീശ. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നോവല്‍ പ്രസാധകര് തന്നെ പിന്‍വലിച്ചതാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹരീഷിന്റെ മീശ എന്ന നോവല്‍ സംഘപരിവാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായിരുന്നു. നോവലിലെ കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം ഹിന്ദുമത വിശ്വാസികളെ അവഹേളിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.
Discussion about this post