ഇന്ന് പല കുട്ടികളും അനുഭവിക്കുന്ന ഒരു അവസ്ഥയാണ് ഡിപ്രഷൻ. എല്ലാ വിഷാദ ഭാവവും ഡിപ്രഷന്റെ ലക്ഷണങ്ങളായി കണക്ക് കൂട്ടാറില്ല. നന്നായി ദേഷ്യപ്പെടുന്നതും ഒന്നിനോടും താൽപര്യമില്ലാത്ത അവസ്ഥയും പ്രധാനമായും ഡിപ്രഷന്റെ ലക്ഷണങ്ങളായി പറയാറുണ്ട്. ഈ ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ അധികം കുട്ടികളിൽ കാണുന്നുണ്ടെങ്കിൽ തീർച്ചയായും അത് ചികിത്സയ്ക്ക് വിധേയമാക്കേണ്ട ഒന്നാണ്. ഏകാഗ്രതക്കുറവ്, പഠനത്തിൽ മോശം പ്രകടനം, ക്ഷീണം, ദേഷ്യം, താല്പര്യക്കുറവ് എന്നിങ്ങനെ പലതരം ലക്ഷണങ്ങൾ ഡിപ്രഷൻ ബാധിച്ച ഒരു കുട്ടി കാണിക്കുന്നു. ഒരു കുട്ടിക്ക് ഡിപ്രഷൻ ബാധിച്ചോ ഇല്ലയോ എന്ന് അറിയാൻ വിദഗ്ധസഹായം തേടേണ്ടിവരുന്നു.
പലപ്പോഴും തുറന്നു സംസാരിക്കാൻ വിമുഖത കാണിക്കുന്ന കുട്ടികളെ ഇത്തരത്തിൽ ചികിത്സയ്ക്ക് വിധേയമാക്കേണ്ടത് നല്ലതാണ്. വൈദ്യ ചികിത്സയ്ക്ക് മുൻപ് തന്നെ കുട്ടികളോടുള്ള രക്ഷിതാക്കളുടെ പെരുമാറ്റത്തിലാണ് മാറ്റം വരുത്തേണ്ടത്. ഒരു കുട്ടിക്ക് ഡിപ്രഷൻ വരാതിരിക്കണമെങ്കിൽ കുട്ടികൾക്ക് എന്തും തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം വീടുകളിൽ ഉണ്ടാകണം. ഇങ്ങനെയൊരു അന്തരീക്ഷം വീടുകളിൽ ഉണ്ടായാൽ മാത്രമേ കുട്ടികളിൽ കാണപ്പെടുന്ന ഡിപ്രഷൻ എന്ന അവസ്ഥ ഇല്ലാതാകയുള്ളു.
കുട്ടികളുടെ കലാവാസനകളും കഴിവുകളും ഉണർത്താൻ രക്ഷിതാക്കൾ എപ്പോഴും ശ്രമിക്കണം. കുട്ടികൾക്കൊപ്പം യാത്ര ചെയ്യുന്നതും, അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതും കുട്ടികൾക്ക് മാനസിക ഉല്ലാസം പകരുന്ന കാര്യങ്ങളാണ്. അധികസമയം മൊബൈൽ കാണുന്ന ശീലം കുട്ടികളിൽ ഒഴിവാക്കുവാൻ എപ്പോഴും ശ്രമിക്കണം. കൂടാതെ നല്ല വ്യായാമം ചെയ്യുവാനും പുസ്തകങ്ങൾ വായിക്കാനും നല്ല ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുവാനും രക്ഷിതാക്കൾ ശ്രമിക്കണം. കുട്ടികളിൽ അമിത പ്രതീക്ഷ അടിച്ചേൽപ്പിക്കാതെ അവരെ സ്വതന്ത്രരായി വളരാൻ അനുവദിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള രോഗാവസ്ഥകളിൽ നിന്ന് നമ്മുടെ കുട്ടികളെ നമുക്ക് രക്ഷിക്കാം.
Discussion about this post