ക്യൂബന്‍ വിപ്ലവ നായകന് ചെ ഗുവേരയുടെ ചരിത്രപ്രസിദ്ധമായ ലൈറ്റര്‍ വില്‍പ്പനയ്ക്ക്. തന്റെ ഭാഗ്യ ലൈറ്റര്‍ എന്ന് ചെ ഗുവേര തന്നെ വിശേഷിപ്പിച്ചിട്ടുള്ള ലൈറ്ററാണിത്.
പോള്‍ ഫ്രേസര്‍ കളക്ടബിള്‍സ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണ് ചെ യുടെ ഭാഗ്യ ലൈറ്റര്‍ വില്‍പ്പന നടക്കുക. ഓണ്‍ലൈന്‍ ലേലമായതിനാല്‍ തന്നെ ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ലേലത്തില്‍ ഭാഗമാകാം. 285936 രൂപയിലാണ് ലേലം ആരംഭിക്കുന്നത്. ഈ മാസം 24 വരെ www.paulfrasercollectibles.com എന്ന വെബ്സൈറ്റില്‍ ലേലം നടക്കും.
1965ല്‍ പ്രാഗില്‍ നിന്നും ഹവാനയിലേക്കുള്ള ചെ യുടെ ഒരു യാത്രയ്ക്കിടെ വിമാനം എഞ്ചിന് തകരാര്‍ മൂലം ഷാനനിലേക്ക് തിരിച്ചുവിട്ടു. ഷാനനില്‍ ഒരു രാത്രി മുഴുവന്‍ ചെ കഴിച്ചുകൂട്ടേണ്ടതായി വന്നു. വിമാനത്താവളത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വിരസതയകറ്റാന്‍ കയറിയ ചെ യുടെ മനസുടക്കിയത് പലവിധ ആകര്‍ഷകമായ വസ്തുക്കള്‍ക്കിടയിലിരിക്കുന്ന ആ ലൈറ്ററിലാണ്. കൗതുകത്തോടെ വാങ്ങിയ ആ ലൈറ്റര്‍ പിന്നീട് ഷാനനില്‍ നിന്നുള്ള ആ മടക്കയാത്രയില്‍ മാത്രമല്ല പിന്നീടുള്ള ഒട്ടുമിക്ക യാത്രകളിലും ചെ ഒപ്പമെടുത്തു. ഈ സന്തത സഹചാരിയാണ് തന്റെ ഭാഗ്യ ലൈറ്ററെന്ന് ചെ ഗുവേര പലരോടും പറഞ്ഞിട്ടുണ്ട്.
ആഫ്രിക്കയിലേക്കുള്ള ചെ യുടെ ചരിത്രപ്രസിദ്ധമായ യാത്ര കഴിഞ്ഞ് മടങ്ങിവരുംവരെ ലൈറ്റര്‍ അദ്ദേഹം ഭദ്രമായി തന്നെ സൂക്ഷിച്ചു. ഭൂഖണ്ഡത്തിലാകെ ചെ പാകിയ വിപ്ലവത്തിന്റെ വിത്തുകള്‍ക്ക് പക്ഷേ ആഫ്രിക്കന്‍ മണ്ണില്‍ തഴച്ചുവളരാനായില്ല. ഇത് ചെയെ നിരാശനാക്കി. നിരാശയുടെ ആ നാളുകളില്‍ തന്റെ ലൈറ്ററിനോടും ചെ ഗുവേരയ്ക്ക് അകല്‍ച്ച തോന്നി. ഒടുവില്‍ ഫിഡല്‍ കാസ്ട്രോയുടെ പങ്കാളി റെവല്‍റ്റ ക്ലൂസിന് ലൈറ്റര്‍ സമ്മാനിച്ചുകൊണ്ട് ചെ പറഞ്ഞത് ഈ ലൈറ്റര്‍ അത്ര ഭാഗ്യമുള്ളതല്ലെന്നാണ്.
Discussion about this post