57 വര്‍ഷം പഴക്കമുള്ള ജാവ ബൈക്കുമായി ഇന്ത്യയിലുടനീളം ഒറ്റയ്ക്ക് കറങ്ങി മടങ്ങി വന്നിരിക്കുകയാണ് കണ്ണൂര്‍ മാവിലായി കീഴറ സ്വദേശി വൈശാഖ്. ഈ യാത്രയ്ക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുക. അതിനായി ഈ ചെറുപ്പക്കാരന് യാത്ര ചെയ്തത് 51 ദിവസമാണ്.
ഇന്റര്‍നാഷണല്‍ ഹോട്ടലായ മാരിയറ്റിലെ ജീവനക്കാരനായിരുന്നു വൈശാഖ്. ‘റൈസിങ് സ്റ്റാര്‍ ഔട്ട് റീച്ച് ഓഫ് ഇന്ത്യ’ എന്ന എന്‍ ജി ഒവിനെ സഹായിക്കുകയാണ് ലക്ഷ്യം. ചെന്നൈ കാഞ്ചീപുരത്ത് കുഷ്ഠരോഗം ബാധിച്ച 450 ഓളം കുട്ടികള്‍ അവിടെ താമസിച്ച് പഠിക്കുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ യാത്രകള്‍ക്ക് പിന്നിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് വൈശാഖ് യാത്ര തുടങ്ങിയത്. ധനുഷ്കോടിയില്‍ നിന്ന് തുടങ്ങിയ യാത്ര കന്യാകുമാരി വഴി തിരുവനന്തപുരത്തുകൂടി കേരളം കടന്ന് ഗോവയില്‍ എത്തി. അവിടെ നിന്ന് മുംബൈയിലേക്കും പിന്നീട് ചണ്ഡിഗഢ് വഴി ശ്രീനഗറിലേക്കും എത്തി. ലഖ്നൗവില്‍ നിന്ന് നേപ്പാള്‍ വഴി കൊല്‍ക്കത്തയിലേക്ക്. അവസാനം ചെന്നൈയില്‍ നിന്ന് കാഞ്ചീപുരത്തും എത്തി. 51 ദിവസത്തെ നീണ്ട യാത്രയ്ക്ക് ശേഷം ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ് വൈശാഖ്.
നേരത്തെ ശ്രീലങ്കയിലെ ഒരു കാന്‍സര്‍ ആശുപത്രിയ്ക്ക് വേണ്ടി എട്ടു കോടിയോളം ശ്രീലങ്കന്‍ രൂപ സ്വരൂപിച്ചതായി വൈശാഖ് പറയുന്നു. ശ്രീലങ്കയില്‍ തന്നെ യാത്ര ചെയ്താണ് ഈ പണം സ്വരൂപിച്ചത്. സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ആരാധകനായ വൈശാഖ്, അദ്ദേഹത്തിന്റെ ജീവിത രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് യാത്രകളിലേക്ക് തിരിഞ്ഞത്.
Discussion about this post