40 വര്‍ഷമായി താന്‍ ഉറങ്ങിയിട്ടില്ലെന്ന വിചിത്രവാദവുമായി ഒരു സ്ത്രീ. ചൈനയിലാണ് സംഭവം. കിഴക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലി ഷാനിംഗാണ് താന്‍ 40 വര്‍ഷങ്ങളായി ഒരു നിമിഷം പോലും ഉറങ്ങിയിട്ടില്ലെന്ന് പറഞ്ഞത്.
തന്റെ ആറാം വയസ് മുതല്‍ ഉറങ്ങിയിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യം ആദ്യം നാട്ടുകാരും വിശ്വസിച്ചില്ല. എന്നാല്‍, ആളുകള്‍ ഒരു രാത്രി മുഴുവന്‍ ലിക്കൊപ്പം ഉണര്‍ന്നിരിക്കുകയും, ചീട്ടുകളിക്കുകയും ചെയ്തു. വെളുക്കുന്നത് വരെ ലിയുടെ മുഖത്ത് ഉറക്കത്തിന്റെ ക്ഷീണവും ഉണ്ടായിരുന്നില്ല. അങ്ങനെ ലി പറയുന്നത് സത്യമാണെന്ന് നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. ഭാര്യ ഉറങ്ങുന്നത് താന്‍ കണ്ടിട്ടില്ലെന്ന് ലിയുടെ ഭര്‍ത്താവ് ലൂയി സുക്വിനും പറഞ്ഞു. രാത്രിയില്‍ വിശ്രമിക്കുന്നതിനുപകരം അവള് വീട് വൃത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉറക്കഗുളിക കഴിച്ചിട്ടും ഫലമുണ്ടായില്ല. ബീജിംഗിലെ ഒരു സ്പെഷ്യലിസ്റ്റ് സ്ലീപ് സെന്ററില്‍ പോയ ലി ഒടുവില്‍ തന്റെ ഉറക്കമില്ലായ്മയുടെ കാരണം കണ്ടെത്തി. ലി ഉറങ്ങുന്നുണ്ട്, പക്ഷേ മിക്ക ആളുകളും ചെയ്യുന്നതുപോലെ അല്ല.
ഭര്‍ത്താവിനോട് സംസാരിക്കുന്നതിനിടെയാണ് ലിയെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചത്. ഭര്‍ത്താവുമായുള്ള സംഭാഷണം തുടര്‍ന്നെങ്കിലും ലിയുടെ കണ്ണുകള്‍ മന്ദഗതിയിലാവുകയും അവള് ശരിക്കും ഉറങ്ങുകയും ചെയ്യുന്നത് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു. ബ്രെയിന്‍ വേവ് മോണിറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലിയുടെ കണ്ണുകള്‍ ഒരു ദിവസം 10 മിനിറ്റിലധികം അടച്ചിട്ടില്ലെന്ന് തെളിഞ്ഞു. ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നവര്‍ക്ക് സംഭവിക്കും പോലെ ലിയുടെ മസ്തിഷ്കം ഉറങ്ങുമ്പോള്‍, ശരീരം ഉണര്‍ന്നിരിക്കുന്നുവെന്ന് സ്ലീപ് സെന്റര്‍ വിശദീകരിച്ചു. ആ 10 മിനിറ്റിനുള്ളില്‍ അവള് സാങ്കേതികമായി ഉറങ്ങുമ്പോള്‍ അവളുടെ ശരീരം പൂര്‍ണമായി പ്രവര്‍ത്തിക്കുന്നു. ഇത് കഴിഞ്ഞ 40 വര്‍ഷമായി താന്‍ ഉറങ്ങിയിട്ടില്ലെന്ന തോന്നല്‍ ലിയിലുണ്ടാക്കുന്നു.
Discussion about this post