ഇന്റര്‍നെറ്റിലെ ട്രെന്‍ഡിംഗ് സ്റ്റോറിയില്‍ ഇടംപിടിച്ച ഒരു വീട്. ഹോബിറ്റ് ഹോം. കാഴ്ചയില്‍ തന്നെ ഏറെ സുന്ദരമായ ഈ വീടിന്റെ പ്രത്യേകതയെന്തെന്നല്ലേ? കാടിന് നടുവിലാണ് ഈ സുന്ദര ഭവനം സ്ഥിതി ചെയ്യുന്നത്.
നാഗാലാന്റിലെ ഖോനോമ എന്ന ഗ്രാമത്തിന് സമീപത്തായുള്ള കാടിനുള്ളിലാണ് അവധിക്കാല വസതിയായി 29കാരനായ അസാഖോ ചേസ് ഈ വീട് നിര്‍മ്മിച്ചത്.
വീട് നിര്‍മ്മിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് വരെ അസാഖോ മനസില്‍ പോലും വിചാരിച്ചിരുന്നില്ല സംഭവം വൈറലാകുമെന്ന്. ജെആര്‍ആര്‍ ടോല്ക്കീന്റെ നോവലുകളിലെ ഹോബിറ്റുകളുടെ മനോഹരവും വിചിത്രവുമായ വീടുകളോട് സാമ്യമുള്ളതിനാലാണ് തന്റെ വീടിന് ഹോബിറ്റ് ഹോം എന്ന് അസാഖോ പേരിട്ടത്.
10 × 14 അടി ഉയരമുള്ള ഈ വീട് നിര്‍മ്മിക്കാന്‍ ഏകദേശം രണ്ട് മാസം മാത്രമാണെടുത്തത്. സുഹൃത്തുക്കളുടെയും സഹായമുണ്ടായിരുന്നു. ഈ രണ്ട് മാസത്തില്‍ മൂന്ന് ദിവസം നനഞ്ഞ മണ്ണ് കുഴിച്ചെടുക്കുകയായിരുന്നു അസാഖോയുടെ ജോലി. മുന്‍വശത്തെ ചുവരുകള്‍ നിര്‍മ്മിക്കാന്‍ ആല്‍ഡര്‍ എന്ന മരത്തിന്റെ തടിയാണ് ഉപയോഗിച്ചത്. ഓവല്‍ ആകൃതിയിലുള്ള വാതിലും ജനലും വളരെ ക്രിയാത്മകമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന് കൂടുതല്‍ മനോഹാരിത നല്കാന് അസാഖോയുടെ അമ്മ പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഒരു പച്ചക്കറിത്തോട്ടവുമുണ്ട്.
കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും വീടിനകത്ത് ഏഴ് പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. അടുക്കളയും ഉണ്ട്. വീടിന് കൂടുതല്‍ സൗകര്യം നല്‍കാനുള്ള ഒരുക്കത്തിലാണ് അസാഖോ. ഫര്‍ണീച്ചറുകള്‍ ഒരുക്കണം. ഒരു ബാഡ്മിന്റണ്‍ കോര്‍ട്ടും പദ്ധതിയിടുന്നുണ്ട്. ദിമാപൂരില്‍ അധ്യാപകനായി ജോലി ചെയ്യുന്ന അസാഖോ ചേസ് തനിക്കും കുടുംബത്തിനും താമസിക്കാനൊരു അവധിക്കാല ഭവനമായിട്ടായിരുന്നു ഹോബിറ്റ് ഹോം നിര്‍മ്മിച്ചത്. എന്നാല്‍ ഇവിടെ താമസിക്കാന്‍ ആളുകള്‍ താല്‍പ്പര്യം അറിയിക്കുന്നത് കണ്ടപ്പോള്‍ അതിനുള്ള അവസരമൊരുക്കാനൊരുങ്ങുകയാണ് അസാഖോ. ഇതിനോടകം 50 പേര് ബുക്ക് ചെയ്തുകഴിഞ്ഞു.
യാത്രകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹോബിറ്റ് ഹോം അസാഖോ നിര്‍മ്മിച്ചത്.
കഴിഞ്ഞ നവംബറിലാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. ഇന്‍ഡോ-മ്യാന്മര് അതിര്‍ത്തിക്ക് സമീപത്തായാണ് ഖോനോമ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ഏതാനും കിലോമീറ്റര്‍ മാറിയാണ് ഹോബിറ്റ് ഹോമുള്ളത്.
Discussion about this post