കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു. എട്ടരമണിക്കൂറാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തത്. സ്വപ്നാ സുരേഷിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യംചെയ്യല്‍.
സ്വപ്നയുമായുള്ള കൂടിക്കാഴ്ചകള്‍ വ്യക്തിപരമാണെന്നും കള്ളക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളുടെ തീയതികളിലും വ്യക്തത വരുത്തി. ശിവശങ്കര്‍ പറഞ്ഞ തീയതികളിലാണ് കൂടിക്കാഴ്ചകളെന്ന് വ്യക്തമായി.
അതേസമയം സ്വര്‍ണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ ഒന്നിലേറെത്തവണ വിളിച്ചെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കു കടക്കുന്നതിനു മുമ്പായിരുന്നു ഇത്. എന്നാല്‍, സ്വപ്നയുടെ സഹായാഭ്യര്‍ഥനകള്‍ക്ക് അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു.
ശിവശങ്കറുമായി നടത്തിയ വാട്സാപ്പ്, ടെലഗ്രാം ചാറ്റുകള്‍ നേരത്തേ സ്വപ്ന ഫോണില്‍നിന്ന് കളഞ്ഞിരുന്നു. ഇതു തിരിച്ചെടുത്ത അന്വേഷണസംഘം ആ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരോടും ചോദ്യങ്ങള്‍ ചോദിച്ചത്. സ്വപ്നാ സുരേഷിന് ഫ്ളാറ്റും ബാങ്കില്‍ ലോക്കറും എടുത്തുകൊടുത്തത് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.
കസ്റ്റംസ് രണ്ടുദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു തവണയും ശിവശങ്കറിനെ ചോദ്യംചെയ്തിരുന്നു.
Discussion about this post