ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമാ-സീരിയല്‍ ചിത്രീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ഇത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. അഭിനേതാക്കള്‍ ഒഴികെ ചിത്രീകരണ സ്ഥലത്തുള്ളവരെല്ലാം നിര്‍ബന്ധമായും മാസ്ക് ധരിക്കണം.മേക്കപ്പ് കലാകാരന്മാരും ഹെയര്‍ സ്റ്റൈലിസ്റ്റും പിപിഇ കിറ്റ് ധരിക്കണം.ചിത്രീകരണത്തിനായി ആവശ്യത്തിന് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും മാത്രം ഉപയോഗിക്കുക. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കാവൂ. ഷൂട്ടിംഗ് സെറ്റുകളിലേക്ക് സന്ദര്‍ശകര്‍ക്ക് അനുമതി ഇല്ല.
ഷൂട്ടിംഗ് സ്ഥലത്ത് സാനിറ്റൈസര്‍ സ്ഥാപിക്കണം. തെര്‍മല്‍ സ്കാനറുകളും സ്ഥാപിക്കണം. രോഗബാധ സംശയിക്കുന്നവരെ താല്‍ക്കാലികമായി ഐസൊലേറ്റ് ചെയ്യാനുള്ള സജ്ജീകരണം ഉറപ്പാക്കണം.
ഷൂട്ടിംഗ് സെറ്റ്, മേക്കപ്പ് റൂം, വാനിറ്റി വാന്‍ എന്നിവിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം. കോസ്റ്റിയൂം, മേക്കപ്പ് വസ്തുക്കള്‍ എന്നിവ പങ്കുവെക്കരുത്. ലേപ്പല്‍ മൈക്കുകളും പങ്കുവെക്കരുത്.
Discussion about this post