നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംസ്ഥാന വ്യാപകമായി നടന്ന എന്‍ഐഎ പരിശോധനയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 22 ദേശീയ, സംസ്ഥാന നേതാക്കളാണ് അറസ്റ്റിലായതെന്ന് പിഎഫ്ഐ സംസ്ഥാന കമ്മിറ്റി പത്രകുറിപ്പില്‍ പറഞ്ഞു.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുണ്ടായത്. പിഎഫ്ഐ ദേശീയ ചെയര്മാന് ഒ.എം.എ. സലാം, ദേശീയ ജനറല്‍ സെക്രട്ടറി നറുദ്ദീന്‍ എളമരം എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത 22 പേരില്‍ എട്ട് പേരുടെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തിയിരുന്നു. 22ല്‍ 13 പേരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. മറ്റുള്ളവരെ ഇതിനോടകം ഡല്‍ഹിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കന്മാരുടെ വീടുകളിലും നടന്ന അപ്രതീക്ഷിത റെയ്ഡുകളില് വിദേശ ഫണ്ടിംഗും തീവ്രവാദ ബന്ധവും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്. എന്‍ഐഎ, ഇഡി ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കേരള പൊലീസിനെ അറിയിക്കാതെ നടത്തിയ ഓപ്പറേഷനില്‍ കേന്ദ്ര സേനയാണ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കിയത്.
ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഐഎ രാജ്യവ്യാപക റെയ്ഡും അറസ്റ്റും ഇന്ന് പുലര്‍ച്ചെ ആരംഭിച്ചത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 106 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. പുലര്‍ച്ചെ ഒരു മണിക്ക് തുടങ്ങിയ രഹസ്യ ഓപ്പറേഷന് പല സംസ്ഥാന സര്‍ക്കാരുകളും അറിയാതെയാണ് എന്‍ഐഎ നടപ്പാക്കിയത്.
Discussion about this post