ദുബായ്: ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോക കപ്പ് മല്‍സരങ്ങള്‍ കാണാന്‍ എല്ലാ ദിവസവും ദുബായില്‍ നിന്ന് ദോഹയിലക്ക് വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഫ്ളൈ ദുബൈ. 30 സര്‍വീസുകള്‍ വരെയുണ്ടാവും. ഖത്തര്‍ എയര്‍വേയ്സുമായും മറ്റ് ജി.സി.സി രാജ്യങ്ങളിലെ എയര്‍ലൈനുകളുമായും സഹകരിച്ചാണ് ഷട്ടില്‍ സര്‍വീസുകള്‍ നടത്തുകയെന്ന് ഫ്ലൈ ദുബായ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഗെയ്ത് അല്‍ ഗെയ്ത് പറഞ്ഞു.
ഓരോ ദിവസത്തെയും മത്സരം കണ്ടതിന് ശേഷം അന്ന് തന്നെ തിരിച്ചു വരാന്‍ പാകത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫുട്ബോള്‍ മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിനോടൊപ്പം ഇരു രാജ്യങ്ങളിലേയും കാഴ്ചകള്‍ കാണാനുള്ള അവസരങ്ങളുമുണ്ടാവും. ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് ദുബായില്‍ സ്വതന്ത്രമായി സഞ്ചരിച്ച് അവിടത്തെ ആതിഥേയത്വം സ്വീകരിക്കാവുന്നതാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഗെയ്ത് വ്യക്തമാക്കി .
മത്സര ദിവസങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടുമായി ഇക്കണോമിക് ക്ലാസില്‍ 258 ഡോളറും ബിസിനസ് ക്ലാസിന് 998 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ഹാന്റ് ബാഗേജ് അലവന്‍സ്, ഫ്ലൈറ്റില്‍ ലഭിക്കുന്ന ലഘു ഭക്ഷ്യ പദാര്‍ഥങ്ങളുടെ വില, വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള സൗജന്യ യാത്രാ സൗകര്യം എന്നിവ ഇതില്‍ ഉള്‍പ്പെടും. മത്സരങ്ങള്‍ തുടങ്ങുന്നതിന് നാല് മണിക്കൂര്‍ മുമ്പ് ദോഹയിലെത്തുന്ന വിധത്തിലാണ് ഫ്ലൈറ്റുകള്‍ തെരഞ്ഞെടുക്കേണ്ടത്.
മല്‍സര ദിവസങ്ങളിലെ ഷട്ടില്‍ സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ https://www.flydubai.com/en/plan/match-day-shuttle-flights-to-doha എന്ന ലിങ്കില്‍ ലഭിക്കുന്നതാണ്. ഹയ്യാ കാര്‍ഡിനെ സംബന്ധിച്ച വിശദാംശങ്ങള്‍ https://hayya.qatar2022.qa/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഷട്ടില്‍ സര്‍വീസുകള്‍ക്ക് ബുക്ക് ചെയ്യേണ്ടത് flydubai.com എന്ന വെബ്സൈറ്റിലാണ്.
Discussion about this post