തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വർധിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള രാഷ്ട്രീയ സംഘർഷങ്ങളെ മുൻനിർത്തിയാണ് ഈ തീരുമാനം. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദേശങ്ങൾ ജില്ലാ പൊലീസ് മേധാവികൾക്ക് കൈമാറി.പ്രാദേശിക പരിപാടികൾ ഉൾപ്പെടെയുള്ളവയിൽ എസ്കോർട്ട് നൽകണമെന്നാണ് നിർദേശത്തിലുള്ളത്. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റേയും സുരക്ഷ വർധിപ്പിക്കാൻ ഇന്റലിജൻസ് നിർദേശമുണ്ടായിരുന്നു.
കെ. സുധാകരന് നിലവിലുള്ള ഗൺമാന് പുറമേ കമാന്റോ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയൊരുക്കണം. കെ.പി.സി.സി പ്രസിഡന്റ് പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തണം. സുധാകരന്റെ വീടിന് പൊലീസ് കാവൽ നൽകണം എന്നീ സുരക്ഷ നിർദേശങ്ങളും ഇന്റലിജൻസ് മുന്നോട്ട് വെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാവുന്നതായി റിപ്പോർട്ടുകളുണ്ട്.
Discussion about this post