കൊച്ചി: കോട്ടയം മെഡിക്കല്‍ കോജേില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതുരാജ് നേരത്തെ താമസിച്ചിരുന്ന ഫ്ളാറ്റിലെ സമീപവാസകിളോട് പറഞ്ഞതെല്ലാം നുണ.
2020 ഡിസംബര്‍ വരെ കളമശേരിയില്‍ ഒരു ഫ്ളാറ്റിലായിരുന്നു നീതു താമസിച്ചിരുന്നത്. ഭര്‍ത്താവിന് കപ്പലിലാണ് ജോലിയെന്നായിരുന്നു പറഞ്ഞിരുന്നത്. ക്രൈംബ്രാഞ്ചില്‍ പൊലീസുകാര്‍ക്ക് ക്ലാസെടുക്കുന്ന വിഭാഗത്തില്‍ ജോലി ചെയ്യുന്നു എന്നും നീതു പറഞ്ഞു.
ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തപ്പോള്‍ തുടര്‍ച്ചയായി ആളുകള്‍ വരുന്നതും രാത്രി മുഴുവന്‍ ഉച്ചത്തില്‍ പാട്ടു വച്ചു ഡാന്‍സും ബഹളവുമായതോടെ പരാതി ഉയര്‍ന്നു. സമീപവാസികള്‍ ഫ്ളാറ്റ് സുരക്ഷാ ജീവനക്കാരോടു പരാതിപ്പെട്ടതോടെ വാക്കുതര്‍ക്കമാവുകയും ഒടുവില്‍ നീതു ഫ്ളാറ്റ് ഒഴിഞ്ഞുപോകുകയുമായിരുന്നു. പിന്നീട് കളമശേരി മൂലേപ്പാടത്തായിരുന്നു താമസം. അവിടെയുള്ളവരോട് ഇന്‍ഫോ പാര്‍ക്കിലെ ഐടി സ്ഥാപനവുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലാണ് നീതുവിനു ജോലിയെന്നായിരുന്നു പറഞ്ഞിരുന്നത്. ഭര്‍ത്താവ് വിദേശത്താണെന്നും കൂടെയുള്ളത് അദ്ദേഹത്തിന്റെ സഹോദരനാണ് എന്നും കള്ളം പറഞ്ഞു. ഭര്‍ത്താവിന്റെ പേരില്‍ എടുത്ത വീടിന്റെ വാടക ഉള്‍പ്പെടെ നല്കിയിരുന്നതും ഇയാളായിരുന്നു. ഇവിടെയും പാട്ടും ബഹളവും പതിവായിരുന്നെങ്കിലും നാട്ടുകാര്‍ കാര്യമായി എതിര്‍ത്തിരുന്നില്ല.
അതേസമയം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളാണ് നീതുവിന്റെ കൂടെ താമസിച്ചിരുന്ന ഇബ്രാഹിം ബാദുഷ എന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോഴെല്ലാം ഇയാളാണ് നീതുവിനൊപ്പം വീട്ടില്‍ താമസിച്ചിരുന്നത്.
Discussion about this post