കൊച്ചി: പിങ്ക് പൊലീസ് കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. കുട്ടിയെ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്ത് കൊണ്ടാണെന്നും സര്‍ക്കാര്‍ കേസ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.
കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും വിമര്‍ശനമുണ്ട്. കാക്കി, കാക്കിയെ സഹായിക്കുകയാണെന്നാണ് കോടതി നിരീക്ഷണം. നമ്മുടെ ആരുടെയെങ്കിലും മക്കള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍ എങ്ങനെ സഹിക്കുമെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടി പൊലീസുകാരിയെ ആന്റി എന്നാണ് വിളിക്കുന്നത്, എത്ര നിഷ്കളങ്കമായാണ് പെണ്‍കുട്ടി സംസാരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവം കുട്ടിയില്‍ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാര്‍ത്ഥ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയെ പരിശോധിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനോട് അടുത്ത പോസ്റ്റിംഗില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി.
അതേസമയം കേസില്‍ ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്കി. തനിക്കും മൂന്ന് കുട്ടികളുണ്ട്, പെണ്‍കുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്നാണ് ആരോപണ വിധേയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ഒരു അഭിഭാഷകന് മുഖാന്തിരം കോടതിയെ അറിയിച്ചത്.
Discussion about this post