ബഹ്റൈനില്‍ കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ ഗ്രീന്‍ ലെവലിലേക്ക് മാറുമെന്ന് ആരോഗ്യ മന്ത്രാലയം. ഗ്രീന്‍ ലെവലിലെ ഇളവുകള്‍ പ്രകാരം വാക്സിന് എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും റീട്ടെയില്‍ ഷോപ്പുകള്‍ ഷോപ്പിങ് മാളുകള്‍ റസ്റ്റോറന്റുകള്‍, കഫേകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, സ്പാകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാം. വീടുകളില്‍ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനും ഇവര്‍ക്ക് അനുമതിയുണ്ടാകും.
ഔട്ട്ഡോര്‍ ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍, ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍, സ്പോര്‍ട്സ് സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യങ്ങള്‍ എന്നിവിടങ്ങളിലും പ്രവേശനാനുമതി ഉണ്ട്. ഔട്ട്ഡോര്‍ സ്പോര്‍ട്സ് പരിപാടികളിലെ പൊതുജനപങ്കാളിത്തവും അനുവദനീയമാണ്. സിനിമ, ഇന്‍ഡോര്‍ സ്പോര്‍ട്സ്, ഇന്‍ഡോര്‍ ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ വാക്സിന് എടുത്ത് ഗ്രീന്‍ ഷീല്‍ഡ് ലഭിച്ചവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കും ഈ രണ്ടു വിഭാഗങ്ങളില്‍പെട്ടവര്‍ക്കൊപ്പം എത്തുന്ന 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും മാത്രമായിരിക്കും പ്രവേശനം.
കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അധിക്യതര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് 95 പുതിയ പോസിറ്റീവ് കേസുകളാണു പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Discussion about this post