റിയാദ്: സൗദി അറേബ്യയിലെ ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു എന്ന മാധ്യമ വാര്‍ത്തകളും സോഷ്യല്‍മീഡിയയിലെ പ്രചാരണങ്ങളും സൗദി ഗതാഗത മന്ത്രാലയം നിഷേധിച്ചു. അത്തരത്തില്‍ ഒരു ഫീസും ടോളും ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്നാണ് മന്ത്രാലയ വക്താവ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണ്. യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും പാടുള്ളൂ എന്ന് സൗദി ഗതഗാത മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നല്കി.
സൗദി പൊതു ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്നു പറഞ്ഞാണ്, സൗദി അറേബ്യയില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ വ്യാഴാഴ്ച രാത്രി മുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. പ്രധാന ഹൈവേകളിലാവും ടോള്‍ ഏര്‍പ്പെടുത്തുകയെന്നും റോഡ് നിര്‍മാണത്തിലും ടോള്‍ പിരിവലും സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. സോഷ്യല്‍മീഡിയയും ഈ വാര്‍ത്ത ഏറ്റെടുത്ത് പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് ഗതാഗത മന്ത്രാലയം രംഗത്തെത്തിയത്.
Discussion about this post