കൊച്ചി: പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യ, അര്ജുന് എന്നിവരാണ് മരിച്ചത്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ബിജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മക്കളെ ഹാളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിട്ടി പൊളിഞ്ഞതിനെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. ഡിസംബര്‍ 31നു മുമ്പ് ബാധ്യതകള്‍ തീര്‍ക്കാമെന്ന് ബിജു അറിയിച്ചിരുന്നു. ഇതനുസരിച്ച് പണം ലഭിക്കാനുള്ളവരോട് രാവിലെ വീട്ടിലെത്താനും ആവശ്യപ്പെട്ടിരുന്നു. തനിക്ക് പണം നല്കാനുള്ളവരുടെ പേരും താന്‍ പണം കൊടുക്കാനുള്ളവരുടെ പേരും ബിജു ആത്മഹത്യക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തനിക്ക് പണം നല്കാനുള്ളവരില് നിന്ന് പൊലീസ് ഇടപെട്ട് പണം വാങ്ങി താന്‍ നല്കാനുള്ളവര്ക്ക് കൊടുക്കണമെന്നും ബിജുവിന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്. ബന്ധുക്കളെ മൃതദേഹങ്ങള്‍ കാണാന്‍ അനുവദിക്കരുതെന്ന് വീടിന്റെ ചുമരില്‍ എഴുതിവച്ചിട്ടുണ്ട്.
Discussion about this post