കൊല്ലം: മണ്ഡ്രോതുരുത്തില് ഹോംസ്റ്റേ ഉടമ കുത്തേറ്റുമരിച്ചു. വില്ലിമംഗലം നിധി പാലസില്‍ മണിലാല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡല്‍ഹി പോലീസില്‍ നിന്നും വിരമിച്ച പട്ടംതുരുത്ത് തുപ്പശേരില് അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി എട്ടരയോടെ മണ്ട്രോത്തുരുത്ത് കാനറാ ബാങ്കിന് സമീപമാണ് സംഭവം. അശോകനും മണിലാലും നാട്ടുകാരും പരിചയക്കാരുമാണ്. തെരഞ്ഞെടുപ്പ് നിശബ്ദ പ്രചരണം സമാപിച്ച ശേഷം കാനറാ ബാങ്ക് കവലയില്‍ നാട്ടുകാര്‍ കൂടിനിന്ന് രാഷ്ട്രീയ ചര്‍ച്ച നടത്തുകയായിരുന്നു. ഇതിനിടയില്‍ അശോകനും മണിലാലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ മണിലാലിനെ അശോകന് കത്തിയെടുത്ത് കുത്തുകയായിരുന്നു എന്നും മൂന്നുതവണ മണി ലാലിന് കുത്തേറ്റെന്നും പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മണിലാലിനെ വില്ലിമംഗലത്തെ എല്‍ഡിഎഫ് കമ്മിറ്റി ഓഫീസിനു മുന്നില്‍ വച്ചാണ് കുത്തിവീഴ്ത്തിയത്.
കൊലക്ക് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി. കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമാണെന്നും മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുകയാണ് എന്നും കസ്റ്റഡിയിലായ അശോകന് മദ്യലഹരിയിലായിരുന്നെന്നും കിഴക്കേ കല്ലട പോലീസ് പറഞ്ഞു. അടുത്തിടെയാണ് ഡല്‍ഹി പോലീസില്‍ നിന്നും വിരമിച്ച അശോകന് നാട്ടിലെത്തിയത്.
Discussion about this post