തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബശ്രീ ഹരിത കര്‍മ്മ സേനകള്‍ക്ക് വനിത വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ അനുവദിക്കും. പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനും സംരംഭങ്ങള്‍ ആരംഭിക്കാനും വിവിധ കര്‍മ്മ സേനാംഗങ്ങള്‍ക്കായി 30 കോടി രൂപയുടെ വായ്പയാണ് ഈ വര്‍ഷം വിതരണം ചെയ്യുക.
തൊഴില്‍ ചെയ്യാനാവശ്യമായ വാഹനം വാങ്ങല്‍, സംരംഭ വികസനം, സാനിറ്ററി മാര്‍ട്ടുകള്‍, ഹരിത സംരംഭങ്ങള്‍, സേനാംഗങ്ങളുടെ പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം എന്നിവയ്ക്കാണ് വായ്പകള്‍ നല്‍കുക. നാല് മുതല്‍ അഞ്ചു ശതമാനം പലിശനിരക്കില്‍ ലഭിക്കുന്ന വായ്പയുടെ കാലവധി മൂന്ന് വര്‍ഷമാണ്. വാഹനം വാങ്ങാന്‍ പരമാവധി 15 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒരു അംഗത്തിന് 60,000 രൂപ വരെയും ഒരു സി.ഡി.എസിന് കീഴില്‍ 50 ലക്ഷം വരെയും വായ്പയായി ലഭിക്കും.
ശുചീകരണ ജോലിക്ക് സഹായകമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 15 ലക്ഷം രൂപവരെ വായ്പ ലഭിക്കും. കൂടാതെ സേനാംഗങ്ങളുടെ പെണ്‍മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും വൊക്കേഷണല്‍ പഠനത്തിനും മൂന്നര ശതമാനം പലിശയ്ക്ക് നാലു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയും നല്‍കും.നാലരലക്ഷം രൂപയില്‍ കുറഞ്ഞ വാര്‍ഷിക വരുമാനുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് അനുവദിക്കുന്ന വായ്പയുടെ പലിശ യോഗ്യത നേടിക്കഴിഞ്ഞാല്‍ തിരികെ നല്‍കും.
ആദ്യഘട്ടത്തില്‍ ചെറുകിട സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മൂന്നു കോടി രൂപ ഉടന്‍ വിതരണം ചെയ്യും. അടുത്ത ഘട്ടത്തില്‍ ഗ്രൂപ്പുകള്‍ക്ക് വാഹനം വാങ്ങാനും വായ്പ അനുവദിക്കും. കോര്‍പ്പറേഷന്‍ എന്‍.എസ്.കെ.എ.എഫ്.ഡി.സിയില്‍ നിന്നും വായ്പയെടുക്കാന്‍ 100 കോടിയുടെ ഗ്യാരന്റി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
Discussion about this post