കണ്ണൂര്‍: കണ്ണൂരിലെ ഉരുളിക്കള്ളന്‍ ഒടുവില്‍ പൊലീസ് പിടിയില്‍. മാന്യമായി വേഷം ധരിച്ച് വാടകയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്ന കടകളില്‍ കയറി ഉരുളിയും വാങ്ങി മുങ്ങുന്ന യുവാവാണ് ഒടുവില്‍ പൊലീസ് പിടിയിലായത്. കോളയാട് സ്വദേശി പരത്താന്കണ്ടി വീട്ടില്‍ രോഹിത്ത് എന്ന 22കാരനാണ് പിടിയിലായത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
പ്രസവത്തിന് ശേഷം നല്കുന്ന മരുന്നുണ്ടാക്കാന്‍, വിവാഹ സല്‍ക്കാരത്തിന് ഭക്ഷണമുണ്ടാക്കാന്‍ എന്നീ ആവശ്യങ്ങള്‍ പറഞ്ഞാണ് ഇയാള്‍ കടകളില്‍ നിന്ന് ഉരുളി വാടകയ്ക്ക് എടുത്തിരുന്നത്. കടകളില്‍നിന്ന് വാടകക്കെടുത്ത ഉരുളി പിന്നീട് ഇയാള്‍ ആക്രി കടയില്‍ കൊണ്ടുപോയി വില്‍ക്കും. അഞ്ചു ലക്ഷം രൂപ വിലവരുന്ന ഉരുളി ഒന്നരലക്ഷം രൂപക്ക് ഒക്കെയാണ് വില്‍ക്കുന്നത്. ഇത്തരത്തില്‍ ചെറുതും വലുതുമായ എട്ട് ഉരുളികളും ചട്ടുകങ്ങളുമാണ് രോഹിത് തട്ടിയെടുത്തത് വില്‍പ്പന നടത്തിയത്.
ഇയാളുടെ സഹായിയെ പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തളാപ്പ്, കണ്ണൂര്‍, താഴെ ചൊവ്വ എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് ഇയാള്‍ ഉരുളികള്‍ അടിച്ച് മാറ്റിയത്.
ജീന്‍സും ഷര്‍ട്ടുമിട്ട് സ്റ്റൈലായി കാറിലാണ് മോഷ്ടാക്കള്‍ കടയിലെത്തിയത്. ഉരുളി വിറ്റ പണവുമായി പലയിടങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാളും കൂട്ടാളിയും.
Discussion about this post