മലപ്പുറം: പരുന്തിന്റെ ആക്രമണത്തെ ഭയന്ന് കഴിയുകയാണ് ഒരു നാട്. മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായത്തിലെ പൂന്താനം ചക്കുഴിയിലാണ് പരുന്തിന്റെ ആക്രമണം കാരണം നാട്ടുകാര്‍ ഭീതിയില്‍ കഴിയുന്നത്.
രണ്ട് മാസത്തോളമായി പരുന്തിന്റെ ഈ ആക്രമണം പ്രദേശത്ത് തുടങ്ങിയിട്ട്. പകല്‍ സമയങ്ങളില്‍ പ്രദേശത്തെത്തുന്ന പരുന്ത് വീടിന് പുറത്തും റോഡിലും കാണുന്നവരുടെ ശരീരത്തില്‍ കൊത്തി മുറിവേല്‍പ്പിക്കുകയാണ്. പലരുടെയും ചുമലില്‍ പറന്നിരുന്ന് മുഖത്തും തലയിലും കൊത്തും.
കഴിഞ്ഞ ദിവസം ഒരു പത്ത് വയസ്സുകാരിയ്ക്കും പരുന്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. പരുന്തിന്റെ അക്രമണം ഭയന്ന് ഹെല്‍മറ്റ് തലയില്‍ വച്ചാണ് ഇവിടെ പലരും പുറത്തിറങ്ങുന്നത്.
മരശിഖരങ്ങളും വീടുകളുടെ മേല്‍ക്കൂരകളുമാണ് പരുന്തിന്റെ താവളം. ആളുകള്‍ പുറത്തിറങ്ങുന്നത് കണ്ടാല്‍ ഉടന്‍ പറന്നെത്തി തലയിലും കണ്ണിലും മറ്റും കൊത്തി ആക്രമിക്കും.
പരുന്തിനെ പേടിച്ച് കുട്ടികളെ മാതാപിതാക്കള്‍ വാഹനങ്ങളിലാണ് സ്കൂളുകളിലേക്ക് വിടുന്നത്. ചെറിയ കുട്ടികളെ ഒറ്റയ്ക്ക് പുറത്തുവിടാറില്ല. വീടിന്റെ പുറത്തുവെച്ച് മത്സ്യമോ മറ്റോ വൃത്തിയാക്കാനും പരുന്ത് കാരണം കഴിയുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഉപദ്രവകാരിയായ പരുന്തിനെ പിടികൂടാന്‍ നാട്ടുകാര്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post