കോഴിക്കോട്: ജപ്തി ചെയ്യാനെത്തിയ വീടിന്റെ പരിതാപകരമായ അവസ്ഥ കണ്ട് വീട് ജപ്തി ചെയ്യാതെ സ്വന്തം കൈയില്‍ നിന്ന് കശെടുത്ത് വീട് പണിത് നല്‍കിയിരിക്കുകയാണ് ബാങ്ക് ജീവനക്കാര്‍. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം.
ഒരു വര്‍ഷം മുമ്പാണ് കൊയിലാണ്ടിയിലുള്ള ഒരു വീട് ജപ്തി ചെയ്യാനായി എസ്ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെ മാനേജരെത്തിയത്. പ്രായമായ അമ്മയും പക്ഷാഘാതം വന്ന് ഒരു വശം തളര്‍ന്ന മകനുമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ശുചിമുറി പോലുമില്ലാതിരുന്ന വീടായിരുന്നു അത്.
‘ശുചിമുറി പോലുമില്ലാത്ത ഈ വീട്ടില്‍ അമ്മയെങ്ങനെയാണു പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്?’ വയോധികയോട് ബാങ്ക് മാനേജര്‍ ജപ്തിക്കെത്തിയപ്പോള്‍ ചോദിച്ചു. ‘രാത്രിയാവാന്‍ ഞാന്‍ കാത്തുനില്ക്കും സാറേ’ എന്നായിരുന്നു ആ അമ്മയുടെ മറുപടി. അമ്മയുടെ വിഷമം കണ്ട മാനേജര്‍ക്ക് അന്ന് വീടിന്റെ ജപ്തിക്കാര്യം അവരോട് പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം തിരികെ എസ്ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെത്തി ഇക്കഥ സഹപ്രവര്‍ത്തകരോടു പറഞ്ഞു. ഒരു വര്‍ഷത്തിനിപ്പുറം ആ അമ്മയ്ക്കും,മകനും ശുചിമുറിയും മേല്‍ക്കൂരയുമുള്ള വീട് പണിതു നല്‍കിയിരിക്കുകയാണ് ബാങ്കിലെ ഒന്‍പതു ജീവനക്കാര്‍. സ്വന്തം കയ്യില്‍ നിന്നു കാശെടുത്ത് പണിതു കൊടുത്തതാണ് അവര്‍ ആ വീട്.
കാപ്പാട് നോര്‍ത്ത് വികാസ് നഗറിലെ പാണാലില്‍ ശശി 5 വര്‍ഷം മുന്‍പ് ബാഗ് നിര്‍മാണ സംരംഭം തുടങ്ങാനാണ് 50,000 രൂപ വായ്പയെടുത്തത്. എന്നാല്‍ പക്ഷാഘാതം വന്ന് ശശിയുടെ വലതുവശം തളര്‍ന്നുപോയതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. ജീവിക്കാന്‍ ഒരു വഴിയുമില്ലാതായ ശശിക്ക് ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയേറ്റീവ് കെയറും ചേര്‍ന്ന് ഇട്ടുകൊടുത്ത ചെറിയ കട മാത്രമായിരുന്നു ആശ്രയം.
70,000 രൂപയോളം വായ്പ തിരിച്ചടവുള്ള ശശിയുടെ വീടുതേടി 2021 ഫെബ്രുവരിയിലാണ് എസ്ബിഐ കൊയിലാണ്ടി എസ്എംഇ ബ്രാഞ്ചിലെ ചീഫ് മാനേജര്‍ എം.മുരഹരി എത്തിയത്. എന്നാല്‍ വീടുകണ്ടതോടെ ജപ്തി ചെയ്യാന്‍ അവര്‍ക്ക കഴിഞ്ഞില്ല. 2021 മാര്‍ച്ചില്‍ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ജപ്തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശികയില്‍ ഇളവുകള്‍ക്കുശേഷമുള്ള തുക ജീവനക്കാര്‍ കയ്യില്‍ നിന്നെടുത്ത് അടച്ചുതീര്‍ത്തു.
പിന്നീടു ബാങ്കിലെ ജീവനക്കാര്‍ ചേര്‍ന്ന്, വീടു പുതുക്കി പണിയാന്‍ പണം കണ്ടെത്തുകയായിരുന്നു.
Discussion about this post