കൊച്ചി: കൊച്ചിയില്‍ ലൈംഗിക പീഡനാരോപണം നേരിടുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജേഷിനെതിരെ ഒരു വിദേശവനിത കൂടി പരാതി നല്കി. കൊച്ചി കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്. 2019 ല്‍ ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോവില്‍ വെച്ച് ടാറ്റു ചെയ്യവേ സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഇതോടെ സുജേഷിന് എതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി.
കൊച്ചിയിലെ ഒരു കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പരാതിക്കാരി. ഒരു പുരുഷ സുഹൃത്തിനൊപ്പമാണ് ടാറ്റു ചെയ്യാനായി യുവതി സുജേഷിന്റെ സ്റ്റുഡിയോയില്‍ എത്തിയത്. ടാറ്റു ചെയ്യാന്‍ തുടങ്ങി കുറച്ച് കഴിഞ്ഞ് മുറിയില്‍ സൗകര്യം കുറവാണെന്ന് പറഞ്ഞ് പുരുഷസുഹൃത്തിനെ സുജേഷ് മുറിയില്‍ നിന്ന് പുറത്തിറക്കി. ഇതിന് പിന്നാലെ തനിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദേശവനിത പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് സുഹൃത്തിന് മെസേജ് അയച്ചെങ്കിലും ഇതുകണ്ട് സുജേഷ് തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.
ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന മീടു ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടയുടന്‍ സുജേഷ് ഒളിവില്‍ പോയിരുന്നു. പിന്നാലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനായി അഭിഭാഷകനെ കാണാന്‍ വരുന്നതിനിടെ പൊലീസ് സുജേഷിനെ പിടികൂടുകയായിരുന്നു.
Discussion about this post