മലപ്പുറം: മലപ്പുറം കാടാമ്പുഴ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ബൈക്ക് സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച എസ്ഐമാര്‍ക്കെതിരെ നടപടി. കാടാമ്പുഴ സ്റ്റേഷനിലെ എസ്ഐമാരായ സന്തോഷ്, പോളി എന്നിവരെ തൃശൂര്‍ റേഞ്ച് ഡിഐജി അക്ബര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
ഓഗസ്റ്റ് 26ന് കര്‍ണാടക ചിക്മംഗ്ലൂര് ജക്ലി സ്വദേശി വിന്‍സന്റ് കാടാമ്പുഴക്കടുത്ത് വെട്ടിച്ചിറയില്‍ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. പുറകില്‍ നിന്നെത്തിയ ലോറി ബൈക്കിലിടിച്ച് നിര്‍ത്താതെ പോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് കാടാമ്പുഴ സ്റ്റേഷനില്‍ സൂക്ഷിച്ചതായിരുന്നു ബൈക്ക്. കേടുപാടുകള്‍ സംഭവിച്ച് സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ച ഈ ബൈക്കാണ് എസ്ഐമാര്‍ വര്‍ക്ക്ഷോപ്പിലെത്തിച്ച് അറ്റക്കുറ്റപ്പണികള്‍ നടത്തി ഉപയോഗിച്ചത്.
മറ്റു ചില പോലീസുകാരാണ് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ വകുപ്പുതല പരിശോധനയ്ക്ക് പിന്നാലെയാണ് എസ്ഐമാരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.
Discussion about this post