കോഴിക്കോട്: കോഴിക്കോട് പത്തുവയസുകാരന് കുളിക്കുന്നതിനിടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുകി മരിച്ചു. വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന് അഹലാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കഴുത്തില്‍ തോര്‍ത്തുമുണ്ട് കുരുങ്ങി കുളിമുറിയില്‍ അവശനിലയില്‍ അഹലിനെ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
വെള്ളിയാഴ്ച രാത്രി മജിസ്ട്രേട്ടെത്തി ചികിത്സയിലായിരുന്ന കുട്ടിയുടെ മൊഴിയെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ പൊറോട്ട വാങ്ങി നല്കി പള്ളിയില്‍ പോകാന്‍ തയ്യാറായിരിക്കാന്‍ പറഞ്ഞശേഷം സര്‍വീസിന് കൊടുത്ത വാഹനം കൊണ്ടുവരാന്‍ പിതാവ് പുറത്ത് പോയ സമയത്തായിരുന്നു അപകടം. മാതാവ് എണ്ണ തേച്ച ശേഷം മകനെ കുളിക്കാന്‍ വിടുകയായിരുന്നു. സാധാരണ കുളിക്കാന്‍ കുറച്ചധികം സമയമെടുക്കാറുള്ളത് കൊണ്ട് ആദ്യം സമയം പോകുന്നതില്‍ സംശയം തോന്നിയില്ലെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയതായി മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞു.
തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയത് അബദ്ധത്തില്‍ പറ്റിയതല്ലെന്നും സോഷ്യല്‍മീഡിയകളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നുമാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിലും ആത്മഹത്യയെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Discussion about this post