തിരുവനന്തപുരം: വെങ്ങാനൂരില്‍ വയോധികയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹത. വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെടിഞ്ഞല്‍ ചരുവിള വീട്ടില്‍ ശാന്ത(63)യെ ആണ് വെളളിയാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്തെ 80 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടത്. ഇവരുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും കാണാനില്ലെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ വീടിനുള്ളില്‍ രക്ത തുള്ളികള്‍ കണ്ടെത്തിയതുമാണ് ദുരൂഹതയ്ക്ക് കാരണം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മകള്‍ ബിന്ദു, മകളുടെ ഭര്‍ത്താവ് സജു, ചെറുമകന് എന്നിവര്‍ക്കൊപ്പമാണ് ശാന്ത വീട്ടില്‍ കഴിഞ്ഞിരുന്നത്. സംഭവ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പുറത്തുപോയ മകള്‍ ഉച്ചയോടെ മടങ്ങി എത്തിയപ്പോഴാണ് അമ്മയെ കാണാാനില്ലെന്നത് ശ്രദ്ധയില്‍ പെട്ടത്.തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വീട്ട് മുറ്റത്തെ കിണറിനുള്ളില്‍ നിന്നു ശാന്തയുടെ മൃതദേഹം കണ്ടെടുത്തത്. വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപയും 8 പവന് സ്വര്‍ണ്ണാഭരണവും കാണാതായി എന്ന് ബന്ധുക്കള്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വയോധിക സ്വര്‍ണ്ണവും പണവുമായി കിണറ്റിലേക്ക് ചാടിയതാണോയെന്ന സംശയത്തെ തുടര്‍ന്ന് 30 അടിയോളം വരുന്ന കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധിച്ചു. എന്നാല്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.
എന്നാല്‍ തലയുടെ ഭാഗത്ത് കണ്ട മുറിവും, വീടിന്റെ മുറിയിലും വരാന്തയിലും കണ്ട രക്തക്കറയും ദുരൂഹത ഉയര്‍ത്തിയതോടെ വിരലളയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവുമെത്തി തെളിവുകള്‍ ശേഖരിച്ചു. മുങ്ങിമരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്നാണ് വിഴിഞ്ഞം പൊലീസ് അറിയിച്ചത്.
Discussion about this post