കോഴിക്കോട്: കോഴിക്കോട് പോലൂരില്‍ വീടിനുകളില്‍ തുടര്‍ച്ചയായി അസ്വാഭാവിക ശബ്ദം കേള്‍ക്കുന്ന സംഭവത്തില്‍ വിശദപരിശോധനയ്ക്കായി വിദഗ്ധസംഘമെത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപദേശക സമിതി അംഗവും നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മുന്‍ ശാസ്ത്രജ്ഞനുമായ ജി ശങ്കറും ഹസാര്‍ഡ് അനലിസ്റ്റുകളുമാണ് പരിശോധന നടത്തുന്നത്.
ശബ്ദത്തിന് കാരണം സോയില്‍ പൈപ്പിംഗ് അല്ലെന്നും, ഭൂമിക്കടിയിലെ മര്‍ദമാകാം കാരണമെന്നും പരിശോധനയ്ക്ക് നേതൃത്വം നല്കുന്ന സെസ്സിലെ മുന്‍ ശാസ്ത്രജ്ഞന് ജി. ശങ്കര്‍ പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധസംഘം വ്യക്തമാക്കിയത്. ദിവസം കഴിയുന്തോറും ശബ്ദം കൂടിവരികയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുഴക്കത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഉടമ ബിജുവും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാത്രികാലങ്ങളിലാണ് ശബ്ദം കൂടുതല്‍ കേള്‍ക്കുന്നത്.
രണ്ടാഴ്ചയിലേറെയായി മുഴക്കം കേള്‍ക്കുന്ന പോലൂരിലെ ബിജുവിന്റെ വീട്ടിലും പരിസരത്തുമാണ് വിദഗ്ധ സംഘം പരിശോധന നടത്തിയത്. സ്ഥലത്ത് ജിയോ ഫിസിക്കല്‍ സര്‍വേ നടത്താനും സംഘം ആലോചിക്കുന്നുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം വിദഗ്ധസംഘം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.
Discussion about this post