ഇടുക്കി: വാഴക്കുല മോഷണം നടത്തി മഞ്ഞ പെയിന്റടിച്ച് പഴുത്ത കുലയാണെന്ന് വിറ്റ് പണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. ഇടുക്കി പഴയകൊച്ചറയിലാണ് സംഭവം നടന്നത്. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ ഏബ്രഹാം വര്‍ഗീസ് (49), നമ്മനശേരി റെജി (50) എന്നിവരെയാണ് കമ്പംമെട്ട് പോലീസ് പിടികൂടിയത്.
പഴയകൊച്ചറ വാണിയപ്പുരയ്ക്കല്‍ പാപ്പുവിന്റെ കൃഷിയിടത്തില്‍ നിന്നാണ് ഇവര്‍ വാഴക്കുലകള്‍ മോഷ്ടിച്ചത്. ഒരു ലക്ഷത്തോളം രൂപയുടെ വാഴകുലകളാണ് മോഷണം പോയത്. പല ദിവസങ്ങളിലായിട്ടായിരുന്നു മോഷണം. ഓരോ ദിവസവും 30 കുലകള്‍ വരെ നഷ്ടപെട്ടിരുന്നു. പച്ച വാഴ കുല വെട്ടി മഞ്ഞ പെയിന്റടിച്ചായിരുന്നു ഇവര്‍ വ്യാപാരികള്‍ക്ക് നല്‍കിയിരുന്നത്. ഇത്തരത്തില്‍ ലഭിച്ച ഒരു വാഴക്കുല കൊച്ചറയിലെ ഒരു പച്ചക്കറി കടയില്‍ പഴുത്ത പഴമെന്ന് പറഞ്ഞ് വില്പന നടത്തി. വ്യാപാരി വിവരമറിയിച്ചതോടെയാണ് മോഷ്ടാക്കളെക്കുറിച്ച് പോലീസിന് പ്രതികളപ്പറ്റി വിവരം ലഭിച്ചത്.
Discussion about this post