കൊല്ലം: ദുരിതജീവിതത്തില്‍ നിന്ന് കുടുംബത്തിന്റെ തണലിലേക്ക് മടക്കമൊരുക്കാന് ജനമൈത്രി-റെയില്‍വെ പോലീസിന്റെ സംയുക്ത സംരംഭമായ ‘ബാക്ക് ടു ഹോം’. മനോനിലതെറ്റി കൊല്ലത്ത് കണ്ടെത്തിയ ജാര്‍ഖണ്ഡുകാരി ചാന്ദുമോനിക്ക് ജീവിതം തിരികെ നല്‍കിയാണ് തുടക്കം.
കഴിഞ്ഞ ഓഗസ്റ്റ് 24ന് പുലര്‍ച്ചെയാണ് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ചോരക്കുഞ്ഞുമായി ചാന്ദുമോനിയെ സബ്ഇന്‍സ്പെക്ടര്‍ അയൂബ്, പോലീസ് ഉദ്യോഗസ്ഥന് രാജേഷ് എന്നിവര്‍ കണ്ടെത്തിയത്. ആറോളം ഭാഷകള്‍ സംസാരിക്കുന്ന ഇവര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആശുത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പിന്നീട് കരിക്കോട് മഹിളാമന്ദിരത്തിലേക്കാണ് ചാന്ദുമോനിയെ മാറ്റി.
തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. ആര്‍പിഎഫ് സബ് ഇന്‍സ്പെക്ടറായ ബീനയുടെ വലിയ പരിശ്രമത്തിനൊടുവിലാണ് വിവരങ്ങള്‍ കണ്ടെത്തി ബന്ധുക്കളെ അറിയിച്ചത്. സാമ്പത്തികമായി പിന്നാക്കമായിരുന്ന ധാര്‍വ സ്വദേശികളായ കുടുംബത്തിന് യാത്രാച്ചിലവ് സഹിതം നല്കി പോലീസ് കൂട്ടായ്മ പിന്തുണച്ചു. തുടര്‍ന്നാണ് കൊല്ലത്തെത്തിയ ബന്ധുക്കളെ ഏല്‍പ്പിച്ചത്.
Discussion about this post