തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ 8 പേരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ തിരയില്‍ പെട്ടായിരുന്നു നിയന്ത്രണം വിട്ട വള്ളത്തില്‍ മറ്റൊരു വള്ളം വന്ന് ഇടിക്കുകയായിരുന്നു.
മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകാവെ അഴിമുഖത്ത് വെച്ച് വള്ളം ശക്തമായ തിരമാലയില്‍പ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വള്ളത്തില്‍ മറ്റൊരു വള്ളം ഇടിച്ചായിരുന്ന അപകടം. പെരുമാതുറ സ്വദേശികളുടെ ഹസ്ബി റബ്ബി എന്ന വള്ളത്തില്‍ സെന്റ് ജോസഫ് എന്ന വള്ളം ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ പുലിമുട്ടില്‍ ഇടിച്ച് കയറിയ വള്ളം പൂര്‍ണ്ണമായി തകരുകയും ചെയ്തു. 23 പേര് അടങ്ങുന്ന സംഘമാണ് വള്ളങ്ങളിലുണ്ടായിരുന്നത്. ഇവരെ മറ്റ് മത്സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. നിസ്സാമുദ്ദീന്‍, സിദ്ധീഖ്, സൈദലി, കബീര്‍, ഷാക്കിര്‍ , നഹാസ്, സുബൈര്‍ , മുജീബ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് തകര്‍ന്ന വള്ളത്തിലുണ്ടായിരുന്ന വല സെന്റ് ജോസഫ് വള്ളത്തില്‍ കുരുങ്ങുകയും ചെയ്തിരുന്നു. തകര്‍ന്ന വള്ളവും വലയും കായലില്‍ എത്തിച്ചെങ്കിലും കരയ്ക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്.
Discussion about this post