കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വയം കാര്‍ ഓടിച്ച് ഭാര്യയ്ക്കൊപ്പം ആശുപത്രിയിലേക്ക് പോകവേ അപകടത്തില്‍പ്പെട്ട് ആര്‍ക്കിടെക്ട് മരിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി പ്രശാന്താണ് (44) മരിച്ചത്. ഭാര്യ ദിവ്യയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.
കൊല്ലം ബീച്ച് റോഡിലെ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പ്രശാന്തിന് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡുവക്കിലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ടെന്നീസ് ക്വാര്‍ട്ടില്‍ പരിശീലനത്തിന് ശേഷം ബന്ധുവീട്ടില്‍ നിന്ന് ഭാര്യയെയും വിളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പരിശീലനത്തിനിടെ ചെറിയ നെഞ്ചരിച്ചില്‍ തോന്നുന്നതായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ബീച്ച് റോഡിലെ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ദിവ്യയുടെ തോളെല്ലിനാണ് പരിക്കേറ്റത്.
പ്രശാന്ത് നേരത്തേ കൊല്ലം ബിഷപ്പ് ജെറോം എന്‍ജിനിയറിംഗ് കോളേജിലെ ആര്‍ക്കിടെക്ട് വിഭാഗം അദ്ധ്യാപകനായിരുന്നു. ദിവ്യ ലാ കോളേജ് അദ്ധ്യാപികയാണ്.
Discussion about this post