തൃശൂര്‍: ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന പരാതിയിലാണ് തൃശൂര്‍ ജില്ലയിലെ പാറളം പഞ്ചായത്തിലെ യൂട്യൂബര്‍മാര്‍ക്കെതിരെ ചേര്‍പ്പ് പോലീസ് കേസെടുത്തത്.
ഒരു സ്വകാര്യ ചാനലിലെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് സംഭവം. പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്നായിരുന്നു ഇവര്‍ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചത്. കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ ഇവര്‍ പോയെങ്കിലും രക്ഷിതാക്കള്‍ പരാതി ഇല്ലെന്ന് അറിയിച്ചു. തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവര്‍ ഇട്ടിരുന്നു.
എന്നാല്‍ അപ്പോഴേക്കും അഞ്ച് ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. തുടര്‍ന്നാണ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് എം.ജി. ശ്രീകുമാര്‍ ഡി.ജി.പി.ക്ക് പരാതി നല്‍കിയത്.
Discussion about this post