ലോകത്ത് കോവിഡ് ബാധയെ തുടര്‍ന്ന് സ്തംഭിച്ച സിനിമ മേഖലയില്‍ നിന്ന് തീയറ്റര്‍ റിലീസിനൊരുങ്ങി ഒരു ചിത്രം. പ്രമുഖ താരം റസല്‍ ക്രോ നായകനാവുന്ന അണ്ഹിന്ജ്ഡ് എന്ന ചിത്രമാണ് അമേരിക്കയില്‍ ജൂലൈ 1ന് റിലീസ് ചെയ്യുന്നത്. ഡെറിക് ബോര്ട് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് അണ്ഹിംഗ്ഡ്.
തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ അണ്ഹിന്ജ്ഡിന്റെ തീയറ്റര്‍ റിലീസ് തീയതി ഹോളിവുഡ് സ്റ്റുഡിയോ ആയ സോള്‍സ്റ്റൈസ് സ്റ്റുഡിയോസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയിലെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ നാഷണല്‍ അസോസിയേഷന് ഓഫ് തീയേറ്റേഴ്സുമായും പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളുമായും ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് റിലീസ് സംബന്ധിച്ച തീരുമാനം.
കൊറോണ വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ റിലീസിനൊരുങ്ങുന്നുവെന്നത് മാത്രമല്ല പ്രത്യേകത. നേരത്തെ ചിത്രം സെപ്തംബര്‍ 4ന് റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് നേരത്തെയാക്കിയിരിക്കുകയാണ്. നിരവധി ചിത്രങ്ങള്‍ റിലീസ് തീയതി നീട്ടിവെച്ചതിനാലാണ് റിലീസ് നേരത്തെയാക്കിയതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ന്യൂയോര്‍ക്കോ ഷിക്കാഗോയോ പോലെയുള്ള വലിയ നഗരങ്ങളിലെ തീയറ്ററുകളില്‍ സാധിച്ചില്ലെങ്കിലും താരതമ്യേന തിരക്കു കുറഞ്ഞ നഗരങ്ങളില്‍ റിലീസ് സാധ്യമാണെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍.
റിലീസ് സംബന്ധിച്ച് ആയിരം സിനിമാപ്രേമികള്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പും നടത്തിയിരുന്നു. അമേരിക്കയില്‍ ജൂലൈയില്‍ 40,000 തീയറ്ററുകള്‍ ലഭ്യമാണെന്നും അതില്‍ 8000 തീയേറ്ററുകളെങ്കിലും തങ്ങള്‍ക്ക് റിലീസിനായി വേണ്ടിവരുമെന്നും നിര്‍മ്മാതാക്കള്‍ കരുതുന്നു.
Discussion about this post