സമൂഹമാധ്യമങ്ങളിലൂടെ കൊച്ചിയിലെ വ്യത്യസ്ത ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന പ്രമുഖ വ്ലോഗറും ഈറ്റ് കൊച്ചി ഈറ്റ് എന്ന സോഷ്യൽ മീഡിയ പേജിന്റെ അമരക്കാരനുമാണ് രാഹുൽ എൻ. കുട്ടി. മരണ തലേന്നും സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ രാഹുൽ പങ്കുവെച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് തൃപ്പൂണിത്തുറയിലെ വീട്ടിൽ രാഹുൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാഹുലിന്റെ മരണവാർത്ത രാഹുലിന്റെ ഉടമസ്ഥതയിലുള്ള ഈറ്റ് കൊച്ചി ഈറ്റ് എന്ന പേജിലൂടെ അംഗങ്ങൾ തന്നെയാണ് ആരാധകരെ അറിയിച്ചതും. വളരെ പ്രസരിപ്പോടെയുള്ള രാഹുലിന്റെ അവതരണം ഏറെ ശ്രദ്ധേയമായിരുന്നു.
കൊച്ചിയിലെ പലതരത്തിലുള്ള ഭക്ഷണങ്ങൾ പരിചയപ്പെടുത്തുക മാത്രമല്ല കാഴ്ചക്കാരെ ആ ഭക്ഷണം കഴിച്ചത് പോലെ തോന്നിപ്പിക്കാൻ ഉള്ള അവതരണ മികവും രാഹുലിന് ഉണ്ടായിരുന്നു. വളരെ അടുത്തകാലത്ത് മോഹൻലാൽ അടക്കമുള്ള സെലിബ്രിറ്റികൾ ഈ സോഷ്യൽ മീഡിയ പേജിന്റെ പേരിൽ വീഡിയോ ചെയ്തിരുന്നു. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വീഡിയോ ആണ് രാഹുൽ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പക്ഷേ ഇന്നലെ രാഹുൽ അസ്വസ്ഥൻ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന് കാരണം എന്താണെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. രാഹുലിന്റെ പാർട്ണർഷിപ്പിൽ ഒരു കോഫി ഹൗസ് വളരെ അടുത്തകാലത്ത് ആരംഭിക്കുകയും ഉണ്ടായിരുന്നു. സുഹൃത്തുക്കൾ ഫോണിൽ ഇന്ന് ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതെ ആയപ്പോഴാണ് രാഹുലിന്റെ അച്ഛനെ വിവരമറിയിക്കുകയും അദ്ദേഹം റൂമിൽ എത്തുകയും ചെയ്തത്. അപ്പോഴേക്കും രാഹുൽ മരണത്തിന് കീഴടങ്ങിയിരുന്നു.
Discussion about this post