വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലിയോ. ആക്ഷനും ഡ്രാമയും ഇമോഷനും എല്ലാം ചേരുംപടി ചേർത്ത് ഒരുക്കിയ വിജയ് ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വിജയുടെ അഭിനയം ഒരു രക്ഷയില്ല എന്നാണ് പൊതുവേ പ്രേക്ഷകരുടെ അഭിപ്രായം. വിജയ് എന്ന നടനെ പരമാവധി ചിത്രത്തിൽ ഉപയോഗപ്പെടുത്തി എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഇതുവരെ കാണാത്ത വിജയുടെ അഭിനയരംഗങ്ങൾ സിനിമയിൽ ഉണ്ടെന്ന് പ്രേക്ഷകർ പറയുന്നു. ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തിൽ പാർഥിപൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.
ഭാര്യയോട് കൊഞ്ചുന്ന ഭർത്താവായും, മക്കൾക്കൊപ്പം കുസൃതി കാട്ടുന്ന അച്ഛനായും, നാട്ടിൽ എല്ലാവരുടെയും ഹീറോയും ഒരേസമയം മിന്നിത്തിളങ്ങുന്ന കഥാപാത്രത്തെ വിജയ് അനുസ്മരണീയമാക്കി. വിജയ്ക്ക് ഒപ്പം തന്നെ ഭാര്യയായി തൃഷയും മകനായി മാത്യൂസും തിളങ്ങി. മലയാളിയായ മാത്യുസിന്റെ അഭിനയവും ഏറെ പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. മികച്ച സംഘടന രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മനോജ് പരമഹംസ ഒരുക്കിയ ഫ്രെയിമുകൾക്കൊപ്പം, ആക്ഷൻ രംഗങ്ങൾ കൂടി ഇഴചേർന്നപ്പോൾ ലിയോ അക്ഷരാർത്ഥത്തിൽ തിയറ്ററുകളിൽ ഇളക്കിമറിച്ചു.
അനിരുദ്ധ ഒരുക്കിയ പശ്ചാത്തല സംഗീതവും, മികച്ച തിരക്കഥയും സിനിമയുടെ പ്രേക്ഷകപ്രീതി ഇരട്ടിച്ചുവെന്ന് തന്നെ പറയാം. മനോഹരമായ ഒന്നാം പകുതിക്ക് ഒപ്പം രണ്ടാം പകുതി മനോഹരമായി കൂട്ടിച്ചേർത്തു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. രചനയും ഒരു വ്യക്തി തന്നെ ചെയ്യുമ്പോൾ സിനിമ സൂപ്പർ ഹിറ്റ് ആവും എന്നതിന് മികച്ച ഉദാഹരണമാണ് ലോകേഷ് ഒരുക്കിയ ലിയോ എന്ന് ഒറ്റവാക്കിൽ പറയാം.
Discussion about this post