കടുവ സിനിമ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നല്കിയ സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാമും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഇടപെട്ടില്ല. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
സിംഗിള്‍ ബെഞ്ച് വിധിയില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. സിവില്‍ കോടതിയുടെ വിധിയില്‍ സ്വാധീനിക്കപ്പെടാതെ, പരാതിക്കാരന്റെ പരാതി സ്വതന്ത്രമായി കേട്ട്, ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം സ്വതന്ത്രമായി വിനിയോഗിക്കുന്നതില്‍ ഒരു തെറ്റും ചൂണ്ടി കാണിക്കാനില്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. കൂടുതല്‍ വാദത്തിനായി ഹര്‍ജി പിന്നീട് പരിഗണിക്കും. ജോസ് കുരുവിനാക്കുന്നേലിന്റെ പരാതി തിങ്കളാഴ്ച കേള്‍ക്കാനാണ് സെന്‍സര്‍ ബോര്‍ഡിന് സിംഗിള്‍ ബഞ്ചിന്റെ നിര്‍ദേശം.
കടുവ സിനിമയെ സംബന്ധിച്ച് ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന് നല്കിയ പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയത് ദിവസങ്ങള്‍ക്കു മുന്‍പ് ആയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. പരാതി പരിശോധിച്ച ശേഷമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post