സംവിധായകന് വിനയന്റെ സിനിമയില്‍ നിന്നു പിന്മാറാന് കാരണം നടന് മുകേഷും ഇന്നസെന്റുമെന്ന് ഷമ്മി തിലകന്. കെ.ബി.ഗണേഷ്കുമാര് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളോടു മറുപടി പറയവെയാണ് ഷമ്മി തിലകന് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണിക്കു വഴങ്ങി വിനയന് അഡ്വാന്‍സ് തിരികെ കൊടുക്കുകയും കോടതിയില്‍ ‘അമ്മ’യ്ക്ക് അനുകൂലമായി സാക്ഷി പറയുകയും ചെയ്തിരുന്നുവെന്നും ഷമ്മി തിലകന് പറഞ്ഞു.
”2018 ജൂണ്‍ 29 ന് ഇടവേള ബാബുവിന് ഞാന്‍ അയച്ച മെസേജിന്റെ സ്ക്രീന്‍ ഷോട്ട് കാണിക്കാം. ആ രേഖ എന്റെ കയ്യിലുണ്ട്. സംവിധായകന് വിനയനെ വിലക്കിയ ഒരു കേസ് ‘അമ്മ’യുമായിട്ടുണ്ട്. ‘അമ്മ’ ഒന്നാം കക്ഷിയും ഇടവേള ബാബുവും ഇന്നസന്റും മറ്റു കക്ഷികളുമായിരുന്നു. ഡല്‍ഹി കോംപറ്റിഷന്‍ കമ്മിഷന് ഓഫ് ഇന്ത്യയില്‍ ആയിരുന്നു കേസ്. ആ കേസില്‍ വിനയന് വിജയിച്ചിരുന്നു. എറണാകുളത്തു വച്ച് ഒരു സാക്ഷിയായി കമ്മിഷന് എന്നെയും വിസ്തരിച്ചതാണ്. അന്ന് ഞാന്‍ ‘അമ്മ’യ്ക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തത്. ഒരു കാരണവശാലും ‘അമ്മ’യെ തള്ളിപ്പറഞ്ഞിട്ടില്ല.
വിനയന്റെ പടത്തില്‍ അഭിനയിക്കരുതെന്ന് എന്നോടു പറഞ്ഞത് ‘അമ്മ’യുടെ അന്നത്തെ പ്രസിഡന്റായ ഇന്നസന്റും മുകേഷും ചേര്‍ന്നാണ്. അഡ്വാന്‍സ് തിരിച്ചുകൊടുത്ത് പടത്തില്‍നിന്നു പിന്മാറിയില്ലെങ്കില് നിനക്കു ദോഷമാകും എന്നു പറഞ്ഞ് അവര്‍ എന്നെ ഭീഷണിപ്പെടുത്തി. മുകേഷ് തമാശ പോലെയായിരുന്നു പറഞ്ഞതെങ്കിലും അതൊരു ഭീഷണിയായിരുന്നു.
ഭീഷണിപ്പെടുത്താന്‍ കത്തി വച്ച് കുത്തുകയൊന്നും വേണ്ട, നല്ല തമാശ പറഞ്ഞും ഭീഷണിപ്പെടുത്താന്‍ പറ്റും. ആ പടം പോയാല്‍ പോകട്ടെ, ഇനി ഇതിന്റെ പേരില്‍ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്നുവിചാരിച്ചാണ് ഞാന്‍ പിന്മാറിയത്. പടത്തിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. എനിക്കു പകരം അഭിനയിച്ചത് പ്രിയാ രാമന്റെ ഭര്‍ത്താവ് രഞ്ജിത്താണ്. അതില്‍ നല്ല പ്രതിഫലം പറഞ്ഞ് അഡ്വാന്‍സും തന്നിരുന്നു. ഞാന്‍ ആ അഡ്വാന്‍സ് തിരിച്ചു കൊടുത്തു. ആ സംഭവം വരെ കോംപറ്റീഷന്‍ കമ്മിഷന്റെ വിധിയിലുണ്ട്. അവര്‍ എന്റെ ജോലിയാണ് തടസ്സപ്പെടുത്തിയത്. ഒരിക്കല്‍ സിദ്ദീഖും കെപിഎസി ലളിതയും കൂടി നടത്തിയ പ്രസ് മീറ്റില്‍ പറഞ്ഞത്, ”ഞങ്ങളാരെങ്കിലും ‘അമ്മ’യിലുള്ളവരുടെ പടം ഇല്ലാതാക്കിയെന്നോ അവസരം നിഷേധിച്ചുവെന്നോ ആരെങ്കിലുമൊരാള്‍ തെളിയിച്ചാല്‍ പറയുന്നതു ചെയ്യാം” എന്നാണ്. ഞാന്‍ തെളിയിച്ചു. എന്താണ് പറയുന്നത് അവര്‍ ചെയ്യാത്തത്? കോംപറ്റീഷന്‍ കമ്മിഷന്റെ ജഡ്ജ്മെന്റ് കാണിച്ചാല്‍ പോരേ എനിക്കതു തെളിയിക്കാന്‍. അതു പറയുമ്പോള്‍ അവര്‍ക്ക് ഒന്നും മിണ്ടാനില്ല. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ് അവര്‍ ചെയ്യുന്നത്”. ഷമ്മി തിലകന് പറയുന്നു.
Discussion about this post