ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് കന്നഡ താരം കിച്ച സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും തമ്മില്‍ നടന്ന വാദപ്രതിവാദത്തില്‍ പ്രതികരണവുമായി നടന് സോനു സൂദ്. ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്നും ഇന്ത്യയുടെ പൊതുവായ ഭാഷ വിനോദമാണെന്നും സോനു സൂദ് പറഞ്ഞു.
ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു, അത് വിനോദമാണ്. വിനോദത്തിന് ഭാഷ പ്രധാനമല്ല. നിങ്ങള്‍ ഏത് ഭാഷയില്‍ നിന്നുള്ളവരാണെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ നിങ്ങളെ ഇഷ്ടപ്പെടും. ബഹുമാനിക്കും. നല്ല സിനിമകള്‍ മാത്രമേ അവര്‍ സ്വീകരിക്കുകയുമുള്ളൂ’, എന്നാണ് സോനു സൂദ് പറഞ്ഞത്.
ഇപ്പോഴത്തെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് പറയാനാകില്ലെന്നായിരുന്നു സുദീപിന്റെ പ്രസ്താവന. പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് അവകാശപ്പെട്ട് ഇറങ്ങുന്ന ബോളിവുഡ് ചിത്രങ്ങള്‍ തെലുങ്കിലും കന്നഡയിലും തമിഴിലും മലയാളത്തിലും റീമേക്ക് ചെയ്താലും ഇന്ന് വിജയിക്കുന്നില്ല. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകളാകട്ടെ ഹിന്ദിയില്‍ മൊഴി മാറ്റി ബോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഇപ്പോഴത്തെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് എങ്ങനെ പറയാനാകുമെന്നായിരുന്നു സുദീപിന്റെ ചോദ്യം.
സുദീപിന്റെ പ്രസ്താവനയ്ക്കെതിരെ അജയ് ദേവ്ഗണ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഹിന്ദി ദേശീയ ഭാഷയാണെന്നത് മറക്കരുതെന്ന് അജയ് ദേവ്ഗണ് പറഞ്ഞു.
ഹിന്ദിക്ക് പ്രധാന്യം ഇല്ലെങ്കില്‍ കന്നഡ ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നത് എന്നും അജയ് ദേവഗണ്‍ ചോദിച്ചു.
Discussion about this post