നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. സുനിയുടെ സഹതടവുകാരന് കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. 2018 മെയ് 7 നായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നായിരുന്നു കത്തില്‍ ഉണ്ടായത്.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപ് എന്നാണ് കത്തിലെ ആരോപണം. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാന്‍ ആകില്ല എന്നും കത്തിലുണ്ട്.
കത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ പള്‍സര്‍ സുനിയുടെ കയ്യക്ഷരവുമായി ഒത്തുനോക്കും. ഇന്നലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സുനിയുടെ കയ്യക്ഷരത്തിന്റെ സാംപിള്‍ എടുത്തിരുന്നു. ഈ സാംപിള്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാകും കത്ത്. കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ അഭിഭാഷകന് സജിത്തില്‍ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങള്‍ കഴിഞ്ഞു തിരിച്ചു നല്‍കുകയും ചെയ്യുകയായിരുന്നു.
അതേസമയം കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആലുവ പോലീസ് ക്ലബില്‍ വെച്ച് ദിലീപിനെ രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. സംവിധായകന് പി.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. കഴിഞ്ഞ ദിവസം സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ തുടരന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയാണ് നടപടി. ജയിലില്‍ സുരക്ഷാഭീഷണിയുണ്ടെന്നായിരുന്നു പള്‍സര്‍ സുനിയുടെ വാദം.
Discussion about this post