മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആറാട്ട്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ചിത്രം തിയറ്ററുകളിൽ എത്തും. കഴിഞ്ഞ വർഷം ആദ്യം റിലീസ് ചെയ്ത ബിഗ് ബ്രദറിനു ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണിത്.
കഴിഞ്ഞ വർഷം ഒക്ടോബർ 14നായിരുന്നു ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവെക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.
ബി ഉണ്ണികൃഷ്ണനാണ് സംവിധാനം. ഉദയകൃഷ്ണയുടെതാണ് തിരക്കഥ. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Discussion about this post