സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഉപചാരപൂർവ്വം ഗുണ്ടജയൻ. സിനിമയുടെ റിലീസ് മാറ്റിവച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് ദുൽഖർ സൽമാനാണ്. ദുൽഖർ തന്നെയാണ് സിനിമയുടെ റീലിസ് മാറ്റി വച്ച കാര്യം സോഷ്യൽ മീഡിയയിലുടെ അറിയിച്ചത്. ഇപ്പോഴത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
‘നിലവിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഉപചാരപൂർവം ഗുണ്ടജയന്റെ റിലീസ് മാറ്റിവെക്കാനുള്ള കടുത്ത തീരുമാനമെടുത്തിരിക്കുകയാണ്. ഈ സിനിമ സ്നേഹത്തിന്റെ കൂടി അധ്വാനമാണ്, ചിത്രം കഴിയുന്നതും വേഗം റിലീസ് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ എന്നാണ് ദുൽഖർ പറഞ്ഞിരിക്കുന്നത്.
മറ്റന്നാളായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. ‘നമ്മുടെ ഗുണ്ടജയന്റെ വീട്ടിലെ അടിപൊളി കല്യാണം കൂടി പൊട്ടിച്ചിരിച്ച് തിരികെ മടങ്ങാൻ തിയേറ്ററുകളിലേക്ക് പോരേ. 2022 ജനുവരി 28 മുതൽ. പിന്നെ ഗുണ്ടജയൻ എന്റെ കൂട്ടുകാരനായതു കൊണ്ട് പറയുവല്ല കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ..!’, എന്നായിരുന്നു റിലീസ് അറിയിച്ച് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്.
അരുൺ വൈഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജോണി ആന്റണി, ഗോകുലൻ, സാബു മോൻ, ഹരീഷ് കണാരൻ, ഷാനി ഷാക്കി, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post