കൊച്ചി: നടന് ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി പിജെ ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിഷേധിക്കുന്നരെ അക്രമിക്കുന്ന രീതി അംഗീകരിക്കാനാകില്ല. കേസില്‍ ഒട്ടേറെ പ്രതികള്‍ ഒളിവിലായതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്കിയ ശേഷമാണ് വഴി തടഞ്ഞതെന്ന് പ്രതി ജോസഫിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. വഴിതടയലില്‍ കുടുങ്ങിയവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടന് അഭിനയിക്കേണ്ടത് റോഡില്‍ അല്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. വഴിതടയല്‍ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പോലീസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാലിതൊന്നും കോടതി പരിഗണിച്ചില്ല.
കേസ് പരിഗണിക്കുമ്പോള്‍ കേസില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജും എത്തി. പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് ജോജു അഭ്യര്‍ത്ഥിച്ചു. തനിക്കെതിരെ ഉയര്‍ത്തിയിട്ടുള്ളത് തെറ്റായ ആരോപണങ്ങളാണെന്നും കാറിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ജോജു പറഞ്ഞു.
അതേസമയം കേസില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് ജോജു ജോര്‍ജിന്റെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. ജോജുവിന് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജോജുവുമായി സംസാരിച്ചിരുന്നു എന്നും ഒരു പാര്‍ട്ടിയോടോ വ്യക്തികളോടോ വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
Discussion about this post