കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ മുഴുവന്‍ സിനിമാ തീയറ്ററുകളും തിങ്കളാഴ്ച മുതല്‍ തുറക്കും. മാസങ്ങള്‍ക്ക് ശേഷമാണ് തീയറ്ററുകള്‍ തുറക്കുന്നത്. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രദര്‍ശനം. മന്ത്രി സജി ചെറിയാനുമായി തീയറ്റര്‍ ഉടമകളുടെ സംഘടന നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിന് എടുത്തിരിക്കണമെന്ന് നിബന്ധനയുണ്ട്.
തീയറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. നവംബര്‍ ആദ്യവാരം മുതലായിരിക്കും മലയാള സിനിമകള്‍ തീയറ്ററുകളിലെത്തുക. ദുല്‍ഖര്‍ സല്മാന് ചിത്രമായ കുറുപ്പാണ് ആദ്യ പ്രധാന റിലീസ്. നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്. കൂടാതെ ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍,വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന് മിഷന് സി, കാവല്‍, അജഗജാന്തരം, ഭീമന്റെ വഴി തുടങ്ങിയ മലയാള ചിത്രങ്ങളാണ് തീയറ്ററുകളിലെത്തുക.
നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന് ഉറപ്പ് നല്‍കിയിട്ടുണ്ട്.വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തീയറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത്.
കോവിഡ് ഒന്നാം തരംഗത്തിന് ശേഷം തീയറ്ററുകള്‍ തുറന്നെങ്കിലും വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ അടയ്ക്കുകയായിരുന്നു.
Discussion about this post