മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ കൂട്ടത്തേലിക്ക് പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഒരു ചിത്രം കൂടിയെത്തുന്നു. ‘ജോഷ്വാ മോശയുടെ പിന്‍ഗാമി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍, സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ് ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചിരിക്കുന്നവരില്‍ 99 ശതമാനം പേരും പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
എന്റെ മെഴുതിരി അത്താഴങ്ങള്‍, സൂത്രക്കാരന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച സുധീഷ് മോഹനാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സുധീഷ് മോഹന്‍ തന്നെ തിരക്കഥയൊരുക്കി കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയ റോഡി എന്ന ഹൃസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഖിലേഷ് ഈശ്വറാണ് ഈ ചിത്രത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കള, ആര്‍ക്കറിയാം എന്നി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രമോദ് വെളിയനാടും ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രമായെത്തുന്നു.
കയേദു സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഖിലേഷിനൊപ്പം നാല്‍പ്പതോളം പുതുമുഖങ്ങളും വേഷമിട്ടിരിക്കുന്നു. വിനോദ് ഗോപി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് അനീഷ് സ്വാതിയും, സംഗീതവും പശ്ചാത്ത സംഗീതവും ഒരുക്കിയിരിക്കുന്നത് ബോണി ലൂയിസുമാണ്. കോവിഡ് പരിമിതികള്‍ക്കുളളില്‍ നിന്നാണ് അണിയറ പ്രവര്‍ത്തര്‍ സിനിമ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചിത്രം പൂര്‍ണമായും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ഡ്രാമയാണെന്ന് സംവിധായകന് പറയുന്നു. ഒരു പെണ്‍കുട്ടിയുടെ തിരോധാനവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രം ഓഗസ്റ്റില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
Discussion about this post