കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടത്താനിരുന്ന ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ ആലോചന. ഐപിഎല്‍ മത്സരത്തില്‍നിന്ന് വിദേശതാരങ്ങള്‍ പിന്‍വാങ്ങുന്ന സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വേദി മാറ്റാന്‍ ആലോചിക്കുന്നത്. നിലവില്‍ ഐസിസി ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്.
ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 13 വരെയാണ് ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പ് നിശ്ചയിച്ചിരുന്നത്. ഒന്‍പത് വേദികളുടെ പട്ടിക കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് ഐസിസിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനു പിറകെയാണ് കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ ഐപിഎല്ലില്‍നിന്ന് വിദേശ, ഇന്ത്യന്‍ താരങ്ങള്‍ പിന്മാറുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഓസ്ത്രേലിയയിലാണ് ആദ്യം ലോകകപ്പിന് വേദി നിശ്ചയിച്ചിരുന്നത്. എന്നാല്‍, അവിടത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മത്സരങ്ങള്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചു. 16 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. നിരവധി ചര്‍ച്ചകള്‍ക്കുശേഷം പാകിസ്താന് ടീം ലോകകപ്പിനുണ്ടാകുമെന്ന പ്രഖ്യാപനം വന്നത് കഴിഞ്ഞയാഴ്ചയാണ്.
ബംഗളൂരു, ചെന്നൈ, ധരംശാല, കൊല്‍ക്കത്ത, ഹൈദരാബാദ്, ലക്നോ, മുംബൈ, ന്യൂഡല്‍ഹി, അഹ്മദാബാദ് എന്നീ നഗരങ്ങളിലാണ് ഇന്ത്യ ലോകകപ്പിന് വേദിയൊരുക്കുന്നത്. ഈ നഗരങ്ങളെല്ലാം നിലവില്‍ കൊവിഡിന്റെ പിടിയിലാണ്. ഇതിനിടയിലാണ് കൊവിഡ് മൂലം മാറ്റിവച്ച കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മത്സരം വിജയകരമായി പൂര്‍ത്തീകരിച്ച യുഎഇയെ ലോകകപ്പിനു വേണ്ടിയും പരിഗണിക്കാന്‍ കാരണം. എന്നാല്‍, ഇത് സംബന്ധിച്ച് ഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടിയന്തിര സാഹചര്യമുണ്ടായാല്‍ വേദി മാറ്റാന്‍ സജ്ജമാണെന്ന് ഐസിസി താല്‍ക്കാലിക സിഇഒ ജെഫ് അല്ലാര്‍ഡെസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈയാഴ്ച പ്രത്യേക ഐസിസി സംഘം ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തുമെന്നും അറിയുന്നുണ്ട്.
Discussion about this post